ശബരിമല യുവതി പ്രവേശനത്തിൽ  നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ

പാലക്കാട് : ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും ,നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും, സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു.

കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും, ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം പറയില്ല.  വിശ്വാസികളേയും , ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണം നടത്തുക എന്ന് ഉദ്ദേശം ഇപ്പോഴില്ല. യുവതി പ്രവേശന കാര്യത്തിൽ ഒരു നിലപാട് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിനെ വർണ്ണശബളമാക്കുകയാണ് ചില മാധ്യമങ്ങൾ. വിഷയത്തിന് ആധാരമായ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ശ്രമിക്കുന്നത്. ഓഡിറ്റിന്‍റെ മൂലയിൽ നിന്ന് ഒരു ഭാഗം എടുത്ത് വാർത്തയാക്കുകയാണ്. അതിന്‍റെ വിശദീകരണം ദേവസ്വം ബോർഡ് കൊടുത്തിട്ടുണ്ട്.

സാംസ്കാരിക നായകരുടെ ഭരണമാറ്റ വിവാദത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. സാംസ്കാരിക നായകർ എന്നു പറഞ്ഞാൽ തന്നെ ഭിന്നാഭിപ്രായം പറയുന്നവരാണ്. അവർ പല അഭിപ്രായങ്ങളും പറയും. സാംസ്കാരിക നായകർ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്ക് അല്ല. അഭിപ്രായത്തിൽ ആവശ്യമുള്ളത് മാത്രം അംഗീകരിക്കും. നിരാകരിക്കേണ്ടത് നിരാകരിക്കും.

പാർട്ടി സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോൾ എകെജി സെന്‍ററിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന അഭിപ്രായം പറയണമെന്ന് പറഞ്ഞ് നിയമിച്ചിട്ടില്ല. പ്രേംകുമാർ എല്ലാ കാലത്തും കേരളത്തിലെ പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണ്. പ്രേംകുമാർ ഒരു വലതുപക്ഷക്കാരനായി പോയേക്കാം എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

പൂരം കലക്കൽ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെ ന്നും ,പോലീസിനെ നിർബന്ധമായും കുറ്റപ്പെടുത്തണമെന്ന് വാശിപിടിക്കേണ്ട തില്ലെന്നും പൂരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നൊരു ശ്രമം ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!