തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി കരാട്ടെ സുരേഷിനും ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. കേസിലെ മറ്റ് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ആകെ 12 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.
വിചാരണ നേരിട്ട 11 പ്രതികളിൽ 10 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. ആക്രമണം നടന്ന് 18 വർഷത്തിനുശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്.
2008 ഒക്ടോബർ 17-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണന്തലയിലെ കോട്ടമുകളിലുള്ള സ്വന്തം ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായി എത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്ത്. 2008 ഏപ്രിൽ ഒന്നിന് പാസ്‌പോർട്ട് ഓഫീസിന് മുന്നിൽവെച്ചാണ് വിഷ്ണു കൊല്ലപ്പെട്ടത്.
ഈ കേസിൽ വിചാരണ നേരിട്ട 13 പ്രതികളെയും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സിപിഎം മുൻ ലോക്കൽ സെക്രട്ടറി വഞ്ചിയൂർ ഹരിപ്രസാദ്, അമ്പലമുക്ക് കൃഷ്ണകുമാർ എന്നിവരടക്കം 11 പേരാണ് രഞ്ജിത്ത് വധക്കേസിൽ വിചാരണ നേരിട്ടത്.
കേസിലെ രണ്ടാം പ്രതി പാൽക്കുളങ്ങര സ്വദേശിയായ ‘വെള്ളി നാരായണൻ’ എന്ന നാരായണൻകുട്ടി ഇപ്പോഴും ഒളിവിലാണ്. കൊലപാതകം നടന്ന് 18 വർഷമായിട്ടും ഇയാളെ പിടികൂടാനായിട്ടില്ല.
