ചിങ്ങവനത്ത് നിർത്തിയിട്ട ലോറിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; കണ്ടക്ടർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്

കോട്ടയം : ചിങ്ങവനത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി കണ്ടക്ടർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എംസി റോഡിൽ പള്ളം മാവിളങ്ങ് വളവിലായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനെ മറികടന്ന കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കണ്ടക്ടറായ കൊല്ലം സ്വദേശി അജേഷ് (35) ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് സ്ത്രീകളും ഒമ്പത് വയസ്സുകാരനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.അപകടവിവരമറിഞ്ഞ് ചിങ്ങവനം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസുകളിലും പൊലീസ് വാഹനങ്ങളിലുമായാണ് ആശുപത്രിക ളിലേക്ക് മാറ്റിയത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!