ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ…

മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. നേതാക്കൾ നിൽക്കേണ്ട സ്ഥാനങ്ങൾ അടയാളപ്പെടുത്താൻ പരവതാനിയിൽ ചെറിയ കാർഡുകൾ സ്ഥാപിച്ചിരുന്നു.

ഇതിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പതിച്ച കാർഡ് നിലത്ത് കിടക്കുന്നത് മോദിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ അദ്ദേഹം കുനിഞ്ഞ് കാർഡ് എടുത്ത് പോക്കറ്റിൽ സൂക്ഷിച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘സേവ് ഇറ്റ്’ (Save it) എന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മോദിയുടെ ഈ പ്രവൃത്തി പകർത്തിയ വൈറ്റ് ഹൗസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ട്രംപിനൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയും ഫോട്ടോ സെഷനിൽ പങ്കെടുത്തു. ഫോട്ടോയ്ക്ക് ശേഷം നേതാക്കൾ യോഗഹാളിലേക്ക് നീങ്ങുന്നതിനിടെ മോദി ‘നമുക്ക് പോകാമോ?’ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. 2023-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും മോദി സമാനമായി ഇന്ത്യൻ പതാകയുടെ അടയാളം എടുത്തുമാറ്റിയിരുന്നു. മനിലയിലെ സംഭവം ആ പഴയ ഓർമകളും വീണ്ടും ചർച്ചയാക്കി.

2024-ന് ശേഷം ആദ്യമായാണ് നാല് ക്വാഡ് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്വാഡ് വിശ്വസനീയവും ക്രിയാത്മകവുമായ പങ്കാളിത്തമാണെന്ന് യോഗത്തിൽ മോദി പറഞ്ഞു. സമുദ്രസുരക്ഷ, വിതരണശൃംഖല, പുതിയ സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്വാഡ് ബിസിനസ് ലീഡേഴ്‌സ് ഫോറം, സൂപ്പർ ഇന്റലിജൻസ് ആക്സിലറേറ്റർ, സമുദ്രവിവരങ്ങൾ പങ്കുവെക്കാനുള്ള സംവിധാനം, സൈബർ സുരക്ഷാ സഹകരണം തുടങ്ങിയ പുതിയ പദ്ധതികളും യോഗത്തിൽ പ്രഖ്യാപിച്ചു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!