ത്രിപുരയില്‍ റബര്‍ യോജന ശക്തിപ്പെടുത്തും , റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്ച്ചയില്‍ പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി ഡോ.മണിക് സാഹ

അഗര്‍ത്തല : ത്രിപുരയില്‍ റബര്‍ കൃഷി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനു മുളള പ്രത്യേക പദ്ധതി മുഖ്യമന്ത്രി ഡോ.മണിക് സാഹ വിപുലീകരിക്കുന്നു.

ഗോത്രവര്‍ഗ മേഖലയുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക ഉന്നമനത്തിനും മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന മുഖ്യമന്ത്രി റബര്‍ യോജനയുടെ ഭാഗമായി നിലവിലുള്ള 30,000 ഹെക്ടറില്‍നിന്ന് ആകെ 69,000 ഹെക്ടറിലേക്ക് റബര്‍ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 39,000 ഹെക്ടര്‍ അധികമായി കൃഷിക്ക് കീഴില്‍ കൊണ്ടുവരും.

സംസ്ഥാന സര്‍ക്കാര്‍ റബര്‍ നയവും റബര്‍ മിഷനും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് റബര്‍ നയവും റബര്‍ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതിയും നടപ്പാക്കുന്ന സംസ്ഥാനമാണ് ത്രിപുര.

ഗ്രാമീണ മേഖലയിലെ 89,000 കുടുംബങ്ങള്‍ക്ക് റബര്‍ കൃഷിയിലൂടെ സ്ഥിരമായ ഉപജീവനമാര്‍ഗം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകിച്ച് പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തു ന്നതിനും അത്തരം മേഖലകളിലെ ഓരോ കുടുംബത്തിനും പ്രതിമാസം കുറഞ്ഞത് 10,000 രൂപയുടെ വരുമാനം ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു.

റബര്‍ കൃഷി വ്യാപിപ്പിച്ച് ഗ്രാമീണ ജനതയുടെയും അടിസ്ഥാന ജനവിഭാഗ ത്തിന്റെയും വരുമാനവും ഉപജീവന സുരക്ഷയും മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. റബര്‍ കൃഷിക്ക് അനുയോജ്യമായ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം റബര്‍ അധിഷ്ഠിത വ്യവസായങ്ങളും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നൂതന സംസ്‌കരണ യൂണിറ്റുകള്‍, പുകപ്പുരകള്‍, സംയോജിത റബര്‍ സംസ്‌കരണശാലകള്‍ എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്കും മേഖലയിലെ തൊഴിലാളികള്‍ക്കും വിദഗ്ധ പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്.പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് റബര്‍ ബോര്‍ഡിന്റെ സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണ മുഖ്യമന്ത്രി മണിക് സാഹ റബര്‍ ബോര്‍ഡ് അധ്യക്ഷനുമായുളള കൂടിക്കാഴ്ച്ചയില്‍ അഭ്യര്‍ഥിച്ചു.

ഇതിനായി വിശദമായ തുടര്‍ ചര്‍ച്ചകള്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ റബര്‍ ബോര്‍ഡുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും ചീഫ് സെക്രട്ടറി തലത്തിലുള്ള ചര്‍ച്ച ഉടന്‍ നടത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്കുശേഷം ബോര്‍ഡുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർച്ചകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

റബര്‍ കൃഷിയുടെ വ്യാപനത്തിനൊപ്പം റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കും ത്രിപുരയില്‍ വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ നിക്ഷേപം നടത്താനും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും സംരംഭകരെ ത്രിപുരയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വകുപ്പുതല ഉദ്യോഗസ്ഥരുമായി റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ചർച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി, ട്രൈബൽ ഉദ്യോഗസ്ഥരുമായും ഭാവി പ്രവർത്തനങ്ങൾക്ക് രൂപരേഖ നൽകാനുള്ള ആദ്യഘട്ട ചർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!