പാൽ ചുരത്തും പൈക്കിടാവ്! ജനിച്ചിട്ട് 4 ദിവസം മാത്രം, പശുക്കുട്ടിയുടെ അകിട് നിറയെ പാൽ


തൃശൂർ : ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായമായ പശുക്കുട്ടി പാൽ ചുരത്തുന്നു! മാന്ദാമംഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലെ പശുവിനാണ് പാൽ ചുരത്തുന്ന പശുക്കുട്ടി പിറന്നത്.

നാല് ദിവസം മുൻപാണ് പശുക്കുട്ടി ജനിച്ചത്. അന്ന് മുതൽ കുട്ടിയുടെ അകടിനു സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിട് കൂടുതൽ വീർത്തതോടെ നീർക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ വെച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടിൽ പാൽ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പാൽ കറന്ന് എടുക്കുകയും ചെയ്തു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിക്ക് പാൽ ഉള്ളതായി കണ്ടെത്തുന്നത് തൻ്റെ സർവിസിലെ തന്നെ ആദ്യ സംഭവം ആണെന്നും, ഹോർമോണിൽ വന്ന വ്യതിയാനമാവാം പിന്നിലെന്നും മൃഗ ഡോക്ടർ മനോജ് പറഞ്ഞു.

വർഷങ്ങളായി പശുവിനെ വളർത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നു ക്ഷീര കർഷകനായ സ്കറിയയും പറയുന്നു. വീട്ടിലെ 4 വയസ് പ്രായം വരുന്ന പശുവിൻ്റെ ആദ്യ പ്രസവം കൂടിയാണിത്. പശുക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

ഹോർമോൺ ശരിയാകുന്നതിനുള്ള ചികിത്സയിലാണ്. ഒറ്റ പ്രസവത്തിൽ അമ്മയും കുഞ്ഞും ഒരുപോലെ പാൽ ചുരത്തുന്ന കാര്യം അറിഞ്ഞതോടെ പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!