‘അതാണ് യഥാര്‍ത്ഥ ‘പത്മം’, കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല’

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണന്‍ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി മകന്‍ വി എ അരുണ്‍കുമാര്‍. ഒരു മകന്‍ എന്ന നിലയില്‍, അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ഈ ആദരത്തില്‍ വലിയ അഭിമാനമുണ്ട്. പുരസ്‌കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചതെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി.

ഈ ആദരത്തെ ജനങ്ങള്‍ അച്ഛന് നല്‍കുന്ന സ്‌നേഹമായി കാണുന്നു. പുരസ്‌കാര ലബ്ധിയില്‍ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പുരസ്‌കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങള്‍ അച്ഛന് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാര്‍ത്ഥ ‘പത്മം’. അരുണ്‍കുമാര്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!