കോട്ടയം: സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരത്തിൽ തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള ഹൈപ്പർ മാർക്കറ്റാണ് സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
സംസ്ഥാനത്തെ സപ്ലൈകോയുടെ രണ്ടാമത്തെ സിഗ്നേച്ചർ മാർട്ടാണിത്. പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകളുടേതിനു സമാനമായ സൗകര്യങ്ങളുള്ള സിഗ്‌നേച്ചർ മാർട്ടിൽ സബ്സിഡി സാധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വിലക്കുറവുമുണ്ട്.
ഡെവൺ, കിച്ചൻ ട്രഷേഴ്സ്, വിപ്രോ എന്നിവയുടെ സഹകരണത്തോടെയാണ് സിഗ്നേച്ചർ മാർട്ട് സജ്ജീകരിച്ചത്. ഈ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പ്രത്യേകമായി ക്രമീകരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവയുൾപ്പെടെ വിലക്കിഴിവിൽ വാങ്ങാം. റേഷൻ കാർഡുമായി എത്തുന്നവർക്ക് സബ്സിഡി സാധനങ്ങളും ലഭിക്കും.
തിരുനക്കരയിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ ആദ്യവിൽപന നിർവഹിച്ചു. നടൻ ഇർഷാദ് അലി മുഖ്യാതിഥി ആയിരുന്നു. നവീകരിച്ച സപ്ലൈകോ വെബ്സൈിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, സപ്ലൈകോ ജനറൽ മാനേജർ എം.ആർ. ദീപു, റീജണൽ മാനേജർ ബി. സജിനി, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ. ഷൈനി, വിപ്രോ സീനിയർ മാനേജർ സദാശിവൻ, കിച്ചൻ ട്രഷേഴ്സ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് കുര്യൻ, ഡെവൺ സി.ഇ.ഒ. കെ.കെ. ഷജീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, ബാബു കപ്പക്കാലാ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു
