കേരളത്തിൻറെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിൻ്റെ പച്ചക്കൊടി; ചെലവ് 220.51 കോടി, മാരാരിക്കുളം -ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും

ന്യൂഡൽഹി : കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയിൽവേയുടെ പ്രത്യേക വികസന പദ്ധതികളുടെ ഭാഗമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.

എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ നിലവിൽ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം – ആലപ്പുഴ സെക്ഷൻ. ഈ പാതയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ നിലവിൽ പുരോഗമിക്കുകയോ ചെയ്യുകയാണ്. ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തുന്നത്.

യാത്രാ ട്രെയിനുകൾക്ക് പുറമെ പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്കുനീക്കം സുഗമമാക്കാനും ഈ പാതയിലൂടെ സാധിക്കും. കൂടുതൽ യാത്രക്കാരെയും ചരക്കുനീക്കത്തെയും ആകർഷിക്കുന്നതിലൂടെ റെയിൽവേയ്ക്ക് പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക അറ്റാദായം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനും സമയക്രമം പാലിക്കാനും യാത്ര കൂടുതൽ വേഗത്തിലാക്കാനും പുതിയ പാത സഹായിക്കും. കൂടാതെ, ഈ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ വലിയൊരു യാത്രാവിപ്ലവത്തിനാണ് പാത സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!