ശബരിമല തീർത്ഥാടനം; ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി പി വിജയൻ

പമ്പ : ശബരിമല തീർത്ഥാടനത്തിൽ ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി പി വിജയൻ.ആറ് ഫേസ് ആയിട്ടായിരിക്കും പോലീസുകാർക്ക് ഡ്യൂട്ടി.

സന്നിധാനത്ത് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരാകും ഡ്യൂട്ടിയിൽ ഉണ്ടാവുക. എ ഐ ക്യാമെറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കുമെന്നും എഡിജിപി സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലായാണ് അയ്യായിരത്തിലേറെ പോലീസുകാരെ ഒരേസമയം വിന്യസിച്ചിരിക്കുന്നത്. മണ്ഡലപൂജ മകരവിളക്ക് തുടങ്ങിയ സമയങ്ങളിൽ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കും.

പരിശീലനം ലഭിച്ച 150 പോലീസുകാരെ യാണ് പതിനെട്ടാം പടിയിൽ നിയോഗിച്ചിട്ടുള്ളത്. സന്നിധാനം എസ് ഒയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും പ്രവർത്തനം. ഒരു മിനിറ്റിൽ 75 തീർത്ഥാടകരെ എങ്കിലും പതിനെട്ടാം പടി കയറ്റാൻ ശ്രമിക്കുമെന്ന് എഡിജിപി പറഞ്ഞു.

പമ്പയിലെ ജലവിതരണം തടസ്സപ്പെടുത്താൻ നോക്കിയ സംഭവം പോലീസ് പരിശോധിക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പരാതി നൽകിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!