മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി…

കൊച്ചി: മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ സജീവ് പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സുഹൈലിന് ജാമ്യത്തിലിറങ്ങാനായത്.

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. ഇതോടെയാണ് നവംബർ 16-ന് സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങിയത്.

ഒക്ടോബർ 11-നാണ് നാടിനെ നടുക്കിയ മിനികൂപ്പർ അപകടം ഉണ്ടായത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽവെച്ച് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു.

അപകടദിവസം സുഹൈൽ പല ബാറുകളിലും കയറി മദ്യപിച്ചിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.

അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്നും സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!