ന്യൂഡൽഹി : പാരീസിൽ നടക്കാനിരിക്കുന്ന പാരലിമ്പിക്സ് ഗെയിംസിന് യോഗ്യത നേടി ഇന്ത്യൻ പാരാ അത്‌ലറ്റ്. തായ്‌ക്വോണ്ടോ താരമായ അരുണ തൻവർ ആണ് പാരീസ് പാരാലിമ്പിക്സിന് യോഗ്യത നേടിയത്.
ഏഷ്യൻ പാരാലിമ്പിക്‌സ് ക്വാളിഫയറിൽ ഞായറാഴ്ച നടന്ന കെ44 അണ്ടർ 47 കിലോ വിഭാഗത്തിൽ മെഡൽ നേടിക്കൊണ്ടാണ് അരുണ തൻവർ ഇന്ത്യയുടെ 37-ാമത് പാരീസ് പാരാലിമ്പിക്സിന് യോഗ്യത കരസ്ഥമാക്കിയത്.
ഇത് രണ്ടാം തവണയാണ് അരുണ തൻവർ പാരാലിമ്പിക്സിന് യോഗ്യത നേടുന്നത്. 2021 ലാണ് പാരാലിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ തായ്‌ക്വോണ്ടോ താരമായി അരുണ മാറിയിരുന്നത്. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയിട്ടുള്ള താരം കൂടിയാണ് 23 വയസ്സുകാരിയായ അരുണ തൻവർ.
ഇന്ത്യയിൽ നിന്നും പാരാലിമ്പിക്‌സിന് യോഗ്യത നേടിയിട്ടുള്ള ഏക തായ്‌ക്വോണ്ടോ താരവും അരുണ ആണ്. ഹരിയാന സ്വദേശിനിയാണ് അരുണ തൻവർ. നേരത്തെ ഓസ്‌ട്രേലിയ ഓപ്പൺ പാരാ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ്, പ്രസിഡൻ്റ് കപ്പ് പാരാ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ്, ഓഷ്യാനിയ പാരാ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് എന്നിവയിൽ അരുണ സ്വർണം നേടിയിരുന്നു.
