റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു.
മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന്‍ പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്.
‘ഇഷാന്‍ എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്‌സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.’
‘ഇഷാന്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്‌ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു’- സൂര്യ വ്യക്തമാക്കി.
മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി.
‘കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്‌കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.’
‘നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്’- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്.
