പാരീസ് : കായിക ലോകത്ത് മെഡല്‍ നേട്ടങ്ങളിലൂടെയാണ് താരങ്ങള്‍ പ്രശസ്തി നേടുന്നത്. എന്നാല്‍ മെഡല്‍ നേടിയവരെക്കാള്‍ ശ്രദ്ധയാകർഷിക്കുന്ന ഒരാളുണ്ട് പാരിസ് ഒളിംപിക്സില്‍. ജർമൻ അത്ലറ്റ് അലിക ഷ്മിഡിറ്റ്. ഇൻസ്റ്റഗ്രാമില്‍ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള, ലോകത്തിലെ ഏറ്റവും സെക്സിയായ ഓട്ടക്കാരില്‍ ഒരാള്‍ കൂടിയാണ് അലിക. ട്രാക്കിനു പുറത്ത് വലിയ താരമെങ്കിലും സ്വന്തം ടീമിനകത്തു പോലും വിവാദ നായികയാണ് അലിക.
4*400 മീറ്റർ മിക്സ്ഡ് റിലേയില്‍ മികച്ച സമയം കുറിച്ച താരത്തെ തഴഞ്ഞാണ് അലിക ടീമിലിടം നേടിയത്. റിലേ ഹീറ്റ്സ് കഴിഞ്ഞപ്പോള്‍ ജർമ്മനി ഫിനിഷ് ചെയ്തത് ഏഴാമതായി. ഇതോടെ 400 മീറ്ററില്‍ ജർമനിയുടെ ഏറ്റവും വേഗമേറിയ വനിത താരമായ ലൂണ ബാള്‍മൻ തന്നെ അലികക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വിമർശനവുമായി എത്തി.
പ്രകടന മികവില്‍ ഏറെ മുന്നിലുള്ള തനിക്ക് പകരം അലികയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നായിരുന്നു ലൂണയുടെ ചോദ്യം. ലൂണയുടെ പങ്കാളിയും ജർമൻ പുരുഷ റിലേ ടീമംഗവുമായ ജീൻ പോള്‍ ബ്രീഡയും പിന്നാലെ അലിക്കെതിരെ തുറന്നടിച്ചു.ലൂണയുടെ പോസ്റ്റ് വിവാദമായതോടെ 4*400 മീറ്റർ വനിതാ റിലേ ടീമില്‍ നിന്ന് ലൂണയെ പുറത്താക്കി. ടീം വർക്കും പരസ്പര വിശ്വാസവും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള കായിക ഇനമാണ് റിലേ എന്നായിരുന്നു ജർമ്മൻ അധികൃതരുടെ വിശദീകരണം.
പക്ഷെ അലികയും ടീമും 4*400 മീറ്റർ വനിതാ റിലേ ആദ്യ ഹീറ്റ്‌സില്‍ തന്നെ പുറത്തായി. ട്രാക്കില്‍ തിളങ്ങിയില്ലെങ്കിലും ഇൻഫ്ലുൻസറായും മോഡലായും ആരധകർക്കിടയില്‍ തരംഗമാണ് പാരിസിലൂടെ ഒളിംപിക് അരങ്ങേറ്റം കുറിച്ച ഈ 25 കാരി. 2021ലെ ടോക്കിയോ ഒളിംപിക്സിനും അലിക യോഗ്യത നേടിയിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല.
