കോട്ടയം :’ പ്രശസ്ത ആയുർവേദ ചികിത്സകനായ പാമ്പാടി മഠത്തിൽ ഡോ. സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയുർരത്ന’ പുരസ്കാരത്തിന് ഡോ.ഷേർലി ദിവന്നി അർഹയായി.
15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുര സേവന രംഗത്ത് കോട്ടയം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ് പുരസ്കാരം.
സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ ചെയർമാനും ഡോ.ആർ.വി.അജിത്, ഡോ.ആശ ശ്രീധർ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചതെന്ന് ഡോ.സി.കെ.ഹരീന്ദ്രൻനായർ ട്രസ്റ്റ് ചെയർമാൻ സി.എച്ച്.അജിത്കുമാർ അറിയിച്ചു.
ചങ്ങനാശേരി ഗവ.ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറായ ഡോ.ഷേർളി ദിവന്നി 30 വർഷത്തിലേറെയായി ഈ രംഗത്ത് ശ്രദ്ധേമായ സംഭാവനകൾ നൽകി വരുന്നു. ചികിത്സാ–ഗവേഷണ രംഗങ്ങളിൽ ഒരു പോലെ പ്രാഗത്ഭ്യം പുലർത്തുന്ന ഡോക്ടറാണ്.
ആറു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനങ്ങളിലൂടെ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം പാമ്പാടി മഠത്തിൽ ഡോ. സി.കെ. ഹരീന്ദ്രൻനായർ 2020 മാർച്ച് ഒന്നിനാണ് വിടവാങ്ങിയത്. പാമ്പാടിയുടെ സാമൂഹിക ജീവിതത്തിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.
