ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ നിലപാട് കേരളം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിഭാഷക രംഗത്തെ പ്രമുഖനായിരുന്ന സാഹചര്യത്തിൽ ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ എളുപ്പമാകുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കേരളത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
നിലവിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60 ആയി തന്നെ നിലനിർത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച് കേരളം സുപ്രീം കോടതിയിൽ നേരത്തെ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. അതേസമയം, ചില സംസ്ഥാനങ്ങൾ വിരമിക്കൽ പ്രായം 62 ആക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ കേരളത്തിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ഓൺലൈനായി ഹാജരായിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വിശദീകരിക്കാൻ തുടങ്ങിയപ്പോഴാണ് ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടത്.
‘നിങ്ങളുടെ മുഖ്യമന്ത്രി ബാറിലെ പ്രമുഖ അംഗമായിരുന്നല്ലോ. അതുകൊണ്ട് അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എളുപ്പമാണ്’ എന്നായിരുന്നു അഡ്വക്കേറ്റ് ജനറലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശം. തുടർന്ന് കേരളം ഇക്കാര്യത്തിലെ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.
അതേസമയം, ബാറിലെ യുവ അഭിഭാഷകരുടെ പ്രിയപ്പെട്ട അഡ്വക്കേറ്റ് ജനറലാണ് ജാജു ബാബുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചു. കേസിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആർ. രമയും ഹാജരായിരുന്നു.
