കോട്ടയം : പള്ളിമേടകളിലെ തിരക്കുകളില്‍ നിന്ന് വൈദികര്‍ ക്രിക്കറ്റ് പിച്ചിലേക്ക് ഇറങ്ങുന്നു. കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘കത്തനാര്‍ ക്രിക്കറ്റ് ലീഗിന്’ പുതുപ്പള്ളി വേദിയാകും. സെപ്റ്റംബര്‍ 9, 10 തീയതികളിലായി പുതുപ്പള്ളി ബെയ്ല്‍സ് അരീന ഓവല്‍ ക്രിക്കറ്റ് ടര്‍ഫിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
സീറോ-മലബാര്‍, ലത്തീന്‍ കത്തോലിക്ക, സീറോ-മലങ്കര, മലങ്കര ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ എന്നിങ്ങനെ വിവിധ സഭകളില്‍ നിന്നുള്ള വൈദികരാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. കൂടാതെ വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയിലെ ഡീക്കന്മാരെയും ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒരേകുടക്കീഴില്‍ അണിനിരത്തുന്നതിനൊപ്പം സഭകളുടെ അതിരുകള്‍ ഭേദിച്ച് വൈദികര്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികരുടെ കൂട്ടായ്മയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്. തുടര്‍ന്ന് മറ്റ് രൂപതകളും സഭകളും സ്വന്തം നിലയില്‍ ടീമുകള്‍ രൂപീകരിക്കുകയും ഒടുവില്‍ ഇതൊരു പൊതു ടൂര്‍ണമെന്റായി മാറുകയും ചെയ്യുകയായിരുന്നു.
സുഗമമായ നടത്തിപ്പിനായി 16 ടീമുകളെ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് മത്സരങ്ങള്‍ നടക്കുക. കെസിഎ അംഗീകൃത അമ്പയര്‍മാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. താമരശ്ശേരി മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ രൂപതകളെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കാണികള്‍ക്ക് ടൂര്‍ണമെന്റിലേക്ക് പ്രവേശനം സൗജന്യമാണ്.
ഷെപേര്‍ഡ്‌സ് ഇലവന്‍, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ് കോട്ടയം, മാര്‍ത്തോമ റോയല്‍സ്, പാല അച്ചായന്‍സ്, തൃശൂര്‍ പാതിരി ഗഡീസ്, മലബാര്‍ ഫൈറ്റേഴ്‌സ്, ലിറ്റില്‍ ഫ്‌ളവര്‍ ക്രിക്കറ്റ് ടീം തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. പേരുകള്‍ കൊണ്ടുതന്നെ ഇവ ശ്രദ്ധയാകര്‍ഷിക്കു മെന്നുറപ്പ്.
വിജയികള്‍ക്ക് ട്രോഫിക്കൊപ്പം 50,000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കും, മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് എന്നിവര്‍ക്കും പ്രത്യേക സമ്മാനങ്ങളും ട്രോഫികളും നല്‍കും. വെറുമൊരു മത്സരം എന്നതിലുപരി ഡിജിറ്റല്‍ ലോകത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി വൈദികര്‍ക്ക് ശാരീരിക ക്ഷമതയും പരസ്പര സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരം കൂടിയായാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
