ടൈപ്പ് ചെയ്യേണ്ട, പറഞ്ഞാൽ മതി; ജിമെയിലിലും ഡോക്സിലും കീപ്പിലും ജെമിനി എഐയുടെ വോയ്സ് മാജിക്

കൈയിൽ കീബോർഡില്ലെങ്കിലും ഇനി ഗൂഗിൾ വർക്ക്സ്പേസിൽ പല കാര്യങ്ങളും ചെയ്യാം. ടൈപ്പ് ചെയ്യുന്നതിന് പകരം പറഞ്ഞാൽ മതി-ഇമെയിലുകൾ തിരയാനും ഡോക്യുമെൻ്റുകൾ തയ്യാറാക്കാനും കുറിപ്പുകൾ ക്രമീകരിക്കാനും സഹായിക്കുന്ന പുതിയ ജെമിനി എഐ വോയ്‌സ്‌ ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ജിമെയിൽ, ഗൂഗിൾ ഡോക്‌സ്, ഗൂഗിൾ കീപ്പ് എന്നിവയിലാണ് പുതിയ സൗകര്യം എത്തുന്നത്.

ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തന്നെയാണ് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പുതിയ വോയ്സ് ഫീച്ചറുകളുടെ വിവരം പങ്കുവച്ചത്. ഗൂഗിൾ എഐ വരിക്കാർക്ക് ഫീച്ചറുകൾ ഇപ്പോൾ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കൾക്കും ഉടൻ സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ജിമെയിൽ ലൈവ്; ഇൻബോക്സിനോട് ചോദിക്കാം

ഇമെയിലുകൾ കണ്ടെത്താൻ ഇനി ഇൻബോക്സിൽ കയറി ഓരോന്നായി തുറന്ന് നോക്കേണ്ടതില്ല. ജിമെയിൽ ലൈവ് ഉപയോഗിച്ച് ആവശ്യമായ കാര്യം സംസാരിച്ചുകൊണ്ട് തന്നെ തിരയാം.

ഉദാഹരണത്തിന്, എന്റെ ഫ്ലൈറ്റിന്റെ ഗേറ്റ് നമ്പർ ഏതാണ്? എന്ന് ചോദിച്ചാൽ ഇൻബോക്സിലെ ബന്ധപ്പെട്ട ഇമെയിലുകൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ജെമിനി കണ്ടെത്തി നൽകും. നീണ്ട ഇമെയിലുകൾ തുറക്കുകയോ സ്ക്രോൾ ചെയ്ത് വിവരങ്ങൾ തിരയുകയോ ചെയ്യേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം.

ഡോക്സ് ലൈവ്; ആശയം പറഞ്ഞാൽ ഡോക്യുമെന്റ് റെഡി

മനസ്സിലുള്ള ആശയങ്ങൾ പറഞ്ഞുകൊടുത്താൽ അവയെ ഒരു ക്രമത്തിലുള്ള ഡോക്യുമെന്റാക്കി മാറ്റാൻ സഹായിക്കുന്നതാണ് ഡോക്സ് ലൈവ്. ആശയങ്ങൾ വികസിപ്പിക്കാനും ഔട്ട്‌ലൈൻ തയ്യാറാക്കാനും എഴുത്തിന്റെ ശൈലി മെച്ചപ്പെടുത്താനും ജെമിനിക്ക് കഴിയും.

ഉപഭോക്താവിന്റെ അനുമതിയോടെ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ചാറ്റ്, വെബ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ ഉപയോഗിച്ചും ജെമിനിക്ക് സഹായിക്കാനാകും. അതുകൊണ്ടുതന്നെ വെറുമൊരു വോയ്സ് ടൈപ്പിങ് സംവിധാനത്തിനപ്പുറം ഒരു എഴുത്ത് സഹായിയായി ഡോക്സ് ലൈവിനെ ഉപയോഗിക്കാനാകും.

കീപ്പ് ലൈവ്; പറഞ്ഞാൽ കുറിപ്പും ടാസ്കും

പെട്ടെന്ന് ഓർമയിൽ വരുന്ന കാര്യങ്ങൾ രേഖപ്പെടുത്താനും ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. കീപ്പ് ലൈവ് ഉപയോഗിച്ച് കാര്യങ്ങൾ പറഞ്ഞാൽ അവയെ ക്രമത്തിലുള്ള കുറിപ്പുകളായും ലിസ്റ്റുകളായും ചെയ്യേണ്ട ടാസ്കുകളായും മാറ്റാൻ ജെമിനിക്ക് സാധിക്കും.

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് മുതൽ ചെയ്യാനുള്ള കാര്യങ്ങൾ വരെയുള്ളവ വേഗത്തിൽ രേഖപ്പെടുത്താൻ ഇത് സഹായിക്കും. ആശയങ്ങൾ മറന്നുപോകുന്നതിന് മുൻപ് ശബ്ദത്തിലൂടെ തന്നെ കുറിച്ചുവയ്ക്കാനും സാധിക്കും.

ആർക്കൊക്കെ ലഭിക്കും?

ഈ ആഴ്ച മുതൽ പുതിയ വോയ്സ് ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും. ജിമെയിൽ ലൈവ്, കീപ്പ് ലൈവ് എന്നിവ ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്ക് ലഭിക്കും. ഡോക്സ് ലൈവ് നിലവിൽ പ്രോ, അൾട്രാ വരിക്കാർക്കാണ് ലഭ്യമാകുക.

ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ് ഉപഭോക്താക്കൾക്കും ഈ വോയ്സ് സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

കീബോർഡിലും മൗസിലും മാത്രം ആശ്രയിച്ചിരുന്ന വർക്ക്‌സ്‌പേസ് ഉപയോഗം കൂടുതൽ സ്വാഭാവികമാക്കുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. ഇനി ആശയം ടൈപ്പ് ചെയ്ത് തുടങ്ങേണ്ടതില്ല; പറഞ്ഞുതുടങ്ങിയാൽ ജെമിനി അത് ജോലിയാക്കി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!