കൊൽക്കത്ത : പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിൽ പ്രവേശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യുവതി അറസ്റ്റിൽ.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് യുവതി സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.അകങ്ഷ വിദ്യാർഥി (30) എന്ന യുവതിയാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് യുവതി ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ. അജയ് കുമാർ പോഡ്ഡറുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥയാണെന്നായിരുന്നു യുവതി മന്ത്രിയോട് പരിചയപ്പെടുത്തിയത്. സംഭാഷണത്തിനിടെ യുവതിയുടെ പെരുമാറ്റത്തിലും നൽകിയ വിവരങ്ങളിലും മന്ത്രിക്ക് സംശയം തോന്നുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചു തുടങ്ങിയതോടെ യുവതി പെട്ടെന്ന് മന്ത്രിയുടെ ഓഫിസിൽനിന്ന് പുറത്തുപോയി.
സംഭവത്തെ തുടർന്ന് മന്ത്രിയുടെ ഓഫിസ് ഉടൻ പൊലീസിനെ വിവരമറിയിച്ചു. അന്വേഷണം ആരംഭിച്ച പൊലീസ്, യുവതി വിമാനമാർഗം ഡൽഹിയിലേക്ക് പോയതായി കണ്ടെത്തി. ഇതിന് പിന്നാലെ ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ബംഗാളിൽനിന്നുള്ള പൊലീസ് സംഘം ഡൽഹിയിലെത്തി യുവതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. വ്യാജ ഉദ്യോഗസ്ഥയായി സെക്രട്ടേറിയറ്റിൽ പ്രവേശിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നു, മന്ത്രിയെ കാണാൻ ശ്രമിച്ചതിന് പിന്നിലെ കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഹൗറ സിറ്റി പൊലീസ് അറിയിച്ചു.
