‘സ്വര്‍ണം വാങ്ങരുതെന്ന അഭ്യര്‍ഥന ജനം ഏറ്റെടുത്തു, വില ഇടിഞ്ഞു’

ലഖ്നൗ: അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യര്‍ഥനയ്ക്ക് ജനം ചെവികൊടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചതോടെ വില ഇടിഞ്ഞെന്നും ഇതുവഴി പണം ലാഭിക്കാന്‍ കഴിഞ്ഞെന്ന് പലരും തന്നോട് പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജനങ്ങളോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ രാജ്യം അതിനോട് സഹകരിച്ചതുപോലെ ഇന്നും രാജ്യത്തിന്റെ സ്വഭാവത്തിന് മാറ്റമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ലഖ്നൗവില്‍ നടന്ന അഞ്ചാമത് ദേശീയ കൗശല്‍ ദീക്ഷാന്ത് സമാരോഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മെയില്‍ രാജ്യത്തെ ജനങ്ങളോട് നടത്തിയ അഭ്യര്‍ഥന പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ഞാന്‍ രാജ്യത്തെ ജനങ്ങളോട് ഒരു അഭ്യര്‍ഥന നടത്തിയിരുന്നു. അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണം എന്നായിരുന്നു അത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ അത് അനുസരിച്ചു. ഇന്നും എന്റെ രാജ്യത്തിന്റെ സ്വഭാവം അതുതന്നെയാണ്. എന്നെപ്പോലൊരു സാധാരണക്കാരന്‍ സ്വര്‍ണം കുറച്ച് വാങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെ ജനം അത് അനുസരിച്ചു. സ്വര്‍ണവില ഇടിഞ്ഞു.

‘മോദിജീ, താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിഞ്ഞു’ എന്ന് ഇന്ന് പലരും എന്നോട് പറയുന്നുണ്ട്’ -എന്നിങ്ങനെയായിരുന്നു മോദിയുടെ വാക്കുകള്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് ഉണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ധനവില വര്‍ധനയും കണക്കിലെടുത്ത് വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മോദി മെയ് മാസത്തില്‍ സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത്.

മെയ് 10ന് ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു ഒരു വര്‍ഷത്തേക്ക് അനാവശ്യ സ്വര്‍ണവാങ്ങല്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥന. വിദേശത്തേക്കുള്ള പണച്ചെലവ് കുറയ്ക്കുക, ഇന്ധന ഉപയോഗം നിയന്ത്രിക്കുക, പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക, വിദേശയാത്രകളും വിദേശത്ത് നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രധാനമന്ത്രി അന്ന് മുന്നോട്ടുവെച്ചിരുന്നു.

ഇന്ത്യ സ്വര്‍ണത്തിന്റെ ആവശ്യകതയുടെ വലിയൊരു പങ്കും ഇറക്കുമതിയിലൂടെ യാണ് നിറവേറ്റുന്നത്. അതിനാല്‍ സ്വര്‍ണത്തിന്റെ അനാവശ്യ ഉപഭോഗം കുറയ്ക്കുന്നത് വിദേശനാണ്യ ശേഖരത്തിന് സഹായകരമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!