ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് അമേരിക്കയുടെ രണ്ട് അത്യാധുനിക ചാര ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു.
തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യു.എസിന്റെ ‘എം.ക്യു-9 റീപ്പർ’ (MQ-9) ഡ്രോണുകൾ തകർത്തതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ സൈന്യം വെടിവച്ചിടുന്ന 58-ാമത്തെ എം.ക്യു-9 ഡ്രോണാണിതെന്നും സൈന്യം അവകാശപ്പെടുന്നു.
എന്നാൽ, ഇറാന്റെ അവകാശവാദത്തോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനിലെ സൈനിക നടപടികൾക്കിടെ അമേരിക്കയ്ക്ക് 45 എം.ക്യു-9 ഡ്രോണുകൾ നഷ്ടമായതായി പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ‘പ്രെഡേറ്റർ’ എന്ന പേരിലും അറിയപ്പെടുന്ന ഒരു എം.ക്യു-9 ഡ്രോണിന്റെ വില മൂന്ന് കോടി ഡോളറിനും (ഏകദേശം 278 കോടി രൂപ) അഞ്ച് കോടി ഡോളറിനും ഇടയിലാണ്.
ഇതോടെ പുതിയ സംഭവം അമേരിക്കൻ പ്രതിരോധ വകുപ്പിന് കോടിക്കണക്കിന് രൂപയുടെ കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസാണ് ഈ ഡ്രോണിന്റെ നിർമ്മാതാക്കൾ. പ്രധാനമായും നിരീക്ഷണത്തിനും രഹസ്യവിവര ശേഖരണത്തിനും കൃത്യതയോടെയുള്ള വ്യോമാക്രമണങ്ങൾക്കുമാണ് അമേരിക്കൻ സൈന്യം ഇത് ഉപയോഗിക്കുന്നത്.
ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽ നിന്ന് സാറ്റലൈറ്റ് വഴി നിയന്ത്രിക്കാൻ സാധിക്കുന്ന ഈ ഡ്രോണിന് ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 27 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ സാധിക്കും. പരമാവധി 50,000 അടി ഉയരത്തിൽ, മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള എം.ക്യു-9 ഡ്രോണിന് 1,700 കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാനും കഴിയും.
