എരുമേലി : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന വലിയതോട് ശുചീകരിക്കുന്ന പദ്ധതിക്ക് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തുടക്കമായി.
എരുമേലി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. IPS നിർവഹിച്ചു.

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് വലിയതോടിനെ ആശ്രയിച്ച് നിരവധി ഭക്തജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ തോടിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ എക്കലും നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളും നീക്കം ചെയ്ത് ജലസ്രോതസ്സ് ശുചീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ജലസ്രോതസ്സ് ഉറപ്പാക്കുന്നതിനൊപ്പം ജലമലിനീകരണം തടയുന്നതിനും പദ്ധതി സഹായകമാകും. ദേവസ്വം, എരുമേലി ഗ്രാമപഞ്ചായത്ത്, ഫയർഫോഴ്സ്, വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ്, വാട്ടർ അതോറിറ്റി, റവന്യൂ, ആരോഗ്യവകുപ്പ്, സി.ഡി.എസ്., വാർഡ് തല ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ പ്രകൃതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളിൽ എത്തിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
