പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ഇന്ത്യ-പാകിസ്താൻ അതിർത്തിയിലൂടെയുള്ള വൻ അതിക്രമിച്ചുകയറ്റ ശ്രമം പരാജയപ്പെടുത്തി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്). പഞ്ചാബിലെ തരൺ തരൺ സെക്ടറിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്താനി നുഴഞ്ഞുകയറ്റക്കാരെയാണ് ബി.എസ്.എഫ് ജവാന്മാർ വധിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ കനത്ത മൂടൽമഞ്ഞുള്ള സമയത്ത് അതിർത്തി സുരക്ഷാ വേലിക്കെട്ടുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതിർത്തി രക്ഷാസേന നടപടി സ്വീകരിച്ചത്.

സംശയാസ്പദമായ നീക്കം കണ്ടതോടെ നുഴഞ്ഞുകയറ്റക്കാരോട് കീഴടങ്ങാൻ ബി.എസ്.എഫ് ജവാന്മാർ ആവശ്യപ്പെട്ടെങ്കിലും ഇവർ മുന്നറിയിപ്പുകൾ അവഗണിച്ച് സൈന്യത്തിന് നേരെ മുന്നേറുകയായിരുന്നു. തുടർന്ന് സേന നടപ്പിലാക്കിയ പ്രത്യാക്രമണത്തിലാണ് രണ്ടുപേരും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടത്.

മേഖലയിൽ കൂടുതൽ ആളുകൾ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ ബി.എസ്.എഫും പഞ്ചാബ് പോലീസും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തുകയാണ്.കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് മാരക ആയുധങ്ങളും വെടിയുണ്ടകളും നിരോധിത മയക്കുമരുന്ന് പാക്കറ്റുകളും വലിയ തുകയുടെ പാകിസ്താനി കറൻസിയും പോലീസ് കണ്ടെടുത്തു.

വരും ദിവസങ്ങളിൽ ഉത്സവ സീസൺ പ്രമാണിച്ച് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്കും ലഹരിക്കടത്തിനും സാധ്യതയുള്ളതിനാൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചും വൻതോതിലുള്ള ലഹരിശൃംഖലയെക്കുറിച്ചും ബി.എസ്.എഫ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!