ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ ചൈന പിന്തുണച്ചത് ഇന്ത്യയുടെ വളര്‍ച്ച തടയാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് യുഎസ് കോണ്‍ഗ്രസ് സമിതിയുടെ റിപ്പോര്‍ട്ട്.
ഇന്ത്യയെ നിയന്ത്രിക്കുന്നതിനായി സാമ്പത്തികവും സൈനികവുമായ സമ്മര്‍ദങ്ങള്‍ ചൈന ഒരേസമയം ഉപയോഗിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മിഷന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച 2026ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ചൈനയുടെ മറ്റൊരു മുന്നണി: ഇന്ത്യയും ഇന്തോ-പസഫിക് മേഖലയിലെ യുഎസ് തന്ത്രത്തിന്റെ ഭാവിയും’ (China’s Other Front: India and the Future of US Strategy in the Indo-Pacific) എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.
അമേരിക്കയുടെ സഖ്യകക്ഷികളല്ലാത്ത രാജ്യങ്ങളില്‍ ചൈനയോട് മത്സരിക്കാന്‍ ആവശ്യമായ ശേഷിയും സ്വാധീനവുമുള്ള ചുരുക്കം ചില ശക്തികളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയില്‍ അനുകൂല മാറ്റമുണ്ടാക്കും. ചൈനയെ ആശ്രയിക്കാത്ത വിതരണ ശൃംഖലകളും ഉത്പാദന സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഇന്ത്യയുടെ ഈ സാധ്യതകള്‍ ചൈന തിരിച്ചറിയുന്നുണ്ടെന്നും വിവിധ മേഖലകളിലൂടെ ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ബെയ്ജിങ് സജീവമായി ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയെ പ്രതിരോധിക്കാൻ ചൈന പ്രധാനമായും ആശ്രയിക്കുന്നത് സാമ്പത്തിക സമ്മര്‍ദങ്ങളെയാണെന്നും യുഎസ് സമിതി പറയുന്നു. നിര്‍ണായക വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍, സാങ്കേതികവിദ്യ, വിദഗ്ധ പരിജ്ഞാനം എന്നിവയുടെ മേലുള്ള നിയന്ത്രണം ഉപയോഗിച്ച് ഇന്ത്യയ്ക്ക് സ്വന്തം ഉത്പാദനശേഷി വികസിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
സാമ്പത്തിക സമ്മര്‍ദം ചെലുത്തുന്നതി നായി ഇന്ത്യയിലേക്കുള്ള നിര്‍ണായക ഘടകങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനുമായുള്ള ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക സഹകരണത്തിലും യുഎസ് കോണ്‍ഗ്രസ് സമിതി ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ചൈനയുടെ വര്‍ധിച്ചുവരുന്ന ശക്തിയും പാകിസ്ഥാന് നല്‍കിവരുന്ന ദീര്‍ഘകാല പിന്തുണയും ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് അതിര്‍ത്തികളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
2025 മെയില്‍ നടന്ന ഇന്ത്യ-പാക് സംഘര്‍ഷം, നേരിട്ട് യുദ്ധത്തില്‍ പങ്കുചേരാതെ തന്നെ പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്ഥാനെ ശക്തിപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയുമെന്ന് തെളിയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജമ്മു കശ്മീരില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ ചൈന സാങ്കേതിക വിദഗ്ധരുടെ നേരിട്ടുള്ള സഹായം നല്‍കിയിരുന്നതായി ബെയ്ജിങ് സമ്മതിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സമുദ്രപാതകളുടെ നിയന്ത്രണത്തെ ബാധിക്കുകയും മേഖലയില്‍ ഇന്ത്യയ്ക്കുള്ള തന്ത്രപരമായ മേല്‍ക്കൈ ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നത് മേഖലയിലെ ഇന്ത്യയുടെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക പങ്കാളിത്തത്തിനുമായി ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ചൈനയുടെ സഹായം തേടുന്നതും ആശങ്കാജനകമാണ്. സമാന സാമ്പത്തിക ശേഷിയുള്ള ബദല്‍ പങ്കാളികളുടെ അഭാവമാണ് ഇതിന് ഒരു കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മേഖലയില്‍ ചൈനയുടെ സമ്മര്‍ദം നേരിടാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും യുഎസ് സമിതി ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രസുരക്ഷയും കടലിനടിയിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ മേധാവികള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറിക്കും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാനും നിര്‍ദേശം നല്‍കണമെന്ന് റിപ്പോര്‍ട്ട് കോണ്‍ഗ്രസിനോട് ആവശ്യട്ടു.
സൈനിക അഭ്യാസങ്ങളില്‍ മാത്രം ഒതുങ്ങാതെ രഹസ്യാന്വേഷണ വിവരങ്ങളും നിരീക്ഷണ വിവരങ്ങളും പരസ്പരം കൈമാറുക, ചൈനീസ് നാവികസേനയുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ സംയുക്തമായി നിരീക്ഷിക്കുക, സമുദ്രസുരക്ഷാ ഭീഷണികള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളിലേക്ക് സഹകരണം വ്യാപിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഇതിന് പുറമെ പ്രതിരോധം, വ്യവസായം, അക്കാദമിക മേഖലകള്‍ എന്നിവിടങ്ങളിലെ ഇരുരാജ്യങ്ങളിലെയും യുവ നേതാക്കള്‍ തമ്മില്‍ ദീര്‍ഘകാല ബന്ധം വളര്‍ത്തുന്നതിനായി ‘ഇന്തോ-അമേരിക്കന്‍ സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’ ആരംഭിക്കണമെന്നും യുഎസ് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
