‘ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ എന്തും കാണിക്കാമെന്ന് കരുതേണ്ട’; രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്

‘

കണ്ണൂർ : ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിൽ കയറി എന്തും ചെയ്യാമെന്ന് കരുതേണ്ടെന്നും ക്ഷേത്രങ്ങൾ കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും ഇടമല്ലെന്നും രാഗേഷ് പറഞ്ഞു.

വേങ്ങാട്ട് നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുട്ടികളെ പിന്നീട് ആർഎസ്എസ് ശാഖകളിലേക്ക് എത്തിക്കുന്നുവെന്നും രാഗേഷ് ആരോപിച്ചു. ഘോഷയാത്രയിൽ കൃഷ്ണനായി വേഷമിടാൻ പോകുന്നവരെ ആർഎസ്എസ് പിന്നീട് കംസന്മാരാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികൾ പിന്നീട് ശാഖയിൽ പോകാൻ തുടങ്ങും. അവരുടെ സ്വഭാവം മാറും. ചുവന്ന കൊടി നശിപ്പിക്കാൻ തോന്നും. കൃഷ്ണനാകാൻ പോകുന്നവരെ ആർഎസ്എസ് കംസനാക്കും. ആർഎസ്എസ് വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട’ – രാഗേഷ് പറഞ്ഞു.

പൊലീസിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചു. ആർഎസ്എസിന് പൊലീസ് ഒത്താശ ചെയ്യുകയാണെന്നാണ് രാഗേഷിന്റെ ആരോപണം. ആയുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചാലും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിപിഎം പ്രതിഷേധങ്ങൾക്ക് മൈക്ക് പെർമിഷൻ പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്. പൊലീസ് പൊലീസിന്റെ പണിയെടുക്കണം’ എന്നും രാഗേഷ് പറഞ്ഞു.തങ്ങളെ ആക്രമിക്കാൻ വന്നാൽ ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും രാഗേഷ് പ്രസംഗത്തിൽ വ്യക്തമാക്കി.

‘ഞങ്ങളെ ആക്രമിക്കാൻ വന്നാൽ പാൽ കുടിച്ചിട്ട് പൊയ്ക്കോ ആർഎസ്എസ്സേ എന്ന് ഞങ്ങൾ പറയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!