എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടായാല്‍ അത് എല്‍പിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്നലെ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പാചക വാതക വില നിയന്ത്രണവിധേയമായി തുടരാന്‍ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനം 25 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മതിയായ വിതരണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക എല്‍പിജിയുടെ സാധാരണ ഡെലിവറി സൈക്കിള്‍ രണ്ടര ദിവസമായി തുടരുമെന്നും സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടരുതെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!