തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷം നിയന്ത്രണ വിധേയമാക്കാൻ പോലീസിന് ബലപ്രയോഗം വേണ്ടിവന്നു. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതായി എസ്എഫ്ഐ ക്കാരും ആരോപിച്ചു. ഇരുകൂട്ടരും പോർവിളികളുമായി കല്ലും കമ്പുകളുമായി ഏറ് തുടർന്നതോടെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. ഒടുവിൽ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി പി വിജയൻ തന്നെ രംഗത്തെത്തി കർശന നിലപാട് സ്വീകരിച്ചതോടെയാണ് സംഘർഷത്തിന് അല്പം അയവുവന്നത്.
