തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില്‍ ഒരാള്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല.
ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.
വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി, സിപിഎം പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതികളുമായി പൊലീസ് വാഹനം പുറത്തേക്ക് വന്നപ്പോൾ ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ, പൊലീസ് ബസിലുണ്ടായിരുന്ന പ്രതികളും തിരികെ ആക്രോശിച്ചു. സ്ഥലത്തേക്ക് സിപിഎം പ്രവർത്തകർ കൂടി എത്തിയതോടെ ബിജെപി – സിപിഎം പ്രവർത്തകർ തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇരുവിഭാഗങ്ങ ളെയും ഇരുവശങ്ങളിലേക്ക് നീക്കി പൊലീസ് സ്ഥിതി നിയന്ത്രിച്ചു.
2008 ഒക്ടബോർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ കോട്ടമുകളിലെ തൻ്റെ ബേക്കറിയില്‍ രഞ്ജിത്ത് നില്‍ക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു.
കേസില്‍ മുതിർന്ന ക്രിമിനല്‍ അഭിഭാഷകനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രഞ്ജിത്തിൻ്റെ മാതാവ് ഇടത് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. തുടർന്ന് അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ അംഗീകാരം നല്കി.
കേസിൽ 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. വിചാരണവേളയില്‍ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമായിരുന്നു.
