ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയ എ.എസ്.ഐ പ്രസന്നന്റെ തൊപ്പി തെറിച്ചു… 

തിരുവനന്തപുരം : സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതതലത്തിൽ നിന്നും നിർദേശം നൽകിയിരിക്കുകയാണ്.

ബിന്ദുവിനോട് ശുചിമുറിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറഞ്ഞത് പ്രസന്നനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!