രണ്ടാമത്തെ ബലാത്സംഗക്കേസിലും വിചാരണ വേണോ?….. മോൻസൻ മാവുങ്കലിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി : ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ മോൻസൻ മാവുങ്കൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പോലീസിന്റെ മറുപടി തേടിയത്. വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് മോൻസന്റെ ആവശ്യം.

ഇരയായ പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡിപ്പിച്ച കേസിൽ മോൻസൻ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. പ്രായപൂർത്തിയായ ശേഷമുള്ള പീഡനത്തിനാണ് രണ്ടാമത്തെ കേസ്. ഒരേ കുറ്റകൃത്യത്തിന് രണ്ടുതവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന ഭരണഘടനാപരമായ അവകാശം ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

രണ്ടാമത്തെ കേസിലും മോൻസൻ വിചാരണ നേരിടണമെന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി. എന്നിവരാണ് മോൻസനായി സുപ്രീം കോടതിയിൽ ഹാജരായത്.

നേരത്തെ, വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ എറണാകുളം പോക്സോ കോടതി മോൻസന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലെ വിചാരണാ നടപടികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!