‘ജിഹാദി ഭീകരാക്രമണ ശ്രമം’; വിമാനം തകർക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഉണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഗുരുതര സംഭവത്തിൽ ഞെട്ടിക്കുന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുണ്ടെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. സംഭവത്തിന് പിന്നാലെ നെതന്യാഹു നടത്തുന്ന ആദ്യ പ്രതികരണമാണിത്.

ഇസ്രയേലിലേക്ക് വിമാനം അടുക്കുന്നതിനിടെയാണ് പൈലറ്റുമാർക്കിടയിൽ ഗുരുതരമായ സംഘർഷമുണ്ടായതെന്ന് നെതന്യാഹു പറഞ്ഞു. സഹപൈലറ്റിനെ കുത്തിയ പൈലറ്റ് വിമാനത്തിന്റെ സംവിധാനങ്ങൾ തകരാറിലാക്കാനും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാനും ശ്രമിച്ചതായാണ് ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും ഇസ്രയേലികളായിരുന്നു. ഇതിനിടെ ഒരു ഇസ്രയേലി യാത്രക്കാരനും വിമാന ജീവനക്കാരിലൊരാളും കോക്ക്പിറ്റിൽ പ്രവേശിച്ച് പൈലറ്റിനെ തടഞ്ഞതായും നെതന്യാഹു പറഞ്ഞു. തുടർന്ന് മറ്റൊരു ജീവനക്കാരൻ കോക്ക്പിറ്റിലെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സൗദി അധികൃതർ അന്വേഷണം തുടരുകയാണെന്നും സഹപൈലറ്റിനെ ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു അറിയിച്ചു. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെ ന്നും സാഹചര്യം തുടർച്ചയായി വിലയിരുത്തുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വലിയ ദുരന്തം ഒഴിവാക്കാൻ ധീരമായി ഇടപെട്ടവരെ അഭിനന്ദിച്ച അദ്ദേഹം, നിരവധി ജീവനുകളാണ് അവരുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടതെന്നും പറഞ്ഞു.

അതേസമയം, സംഭവത്തെ ‘ജിഹാദി ഭീകരാക്രമണ ശ്രമം’ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വിശേഷിപ്പിച്ചത്. കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് ആക്രമണകാരിയെ കീഴടക്കിയ ഇസ്രയേലി യാത്രക്കാരുടെ ധൈര്യമാണ് ദുരന്തം ഒഴിവാക്കാൻ കാരണമായതെന്നും കാറ്റ്സ് പറഞ്ഞു.

എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഫ്ലൈദുബായിയുടെ നിലപാട്. കോക്ക്പിറ്റിൽ വാക്കേറ്റമുണ്ടായെന്നും തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി വിമാനം വഴിതിരിച്ചുവിട്ട് സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയെന്നും ഫ്ലൈദുബായ് അറിയിച്ചു.

സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നതും ഉദ്ദേശ്യം എന്തായിരുന്നുവെന്നതും നിലവിൽ വ്യക്തമല്ലെന്നും ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്ലൈദുബായ് വക്താവ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്ന സാഹചര്യത്തിൽ സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വിമാനക്കമ്പനി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!