ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

മധുര : ജുഡീഷ്യൽ ചുമതലകളെക്കുറിച്ച് സി.പി.എം നേതാവും മധുര ലോക്‌സഭാ എം.പിയുമായ സു. വെങ്കടേശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ തുറന്ന കോടതിയിൽ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ.

തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഉപദേശിക്കാൻ വെങ്കടേശൻ ശ്രമിക്കേണ്ടെന്നും, കമ്മ്യൂണിസ്റ്റ് നേതാവെന്ന് അവകാശപ്പെടുന്ന അദ്ദേഹം ആഡംബര മെഴ്‌സിഡസ് ബെൻസ് കാറിലാണ് സഞ്ചരിക്കുന്നതെന്നും ജസ്റ്റിസ് സ്വാമിനാഥൻ പരിഹസിച്ചു.

തമിഴ്‌നാട്ടിലെ പൊതുഗ്രന്ഥാലയങ്ങളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ അസാധാരണവും രൂക്ഷവുമായ പരാമർശങ്ങൾ.

കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്ക് വ്യാജരേഖകൾ ചമച്ച് പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അടുത്തിടെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ ജസ്റ്റിസ് സ്വാമിനാഥൻ പരാമർശിച്ചിരുന്നു. വിവാദ പുസ്തകങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഷെൽഫുകളിൽ പ്രായശ്ചിത്തമെന്ന നിലയിൽ കാഞ്ചി ശങ്കരാചാര്യരെക്കുറിച്ചുള്ള ആത്മീയ പുസ്തകങ്ങൾ വയ്ക്കണമെന്ന് അദ്ദേഹം തമാശരൂപേണ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ജഡ്ജിയുടെ ഈ പരാമർശത്തിനെതിരെ ഞായറാഴ്ച സു. വെങ്കടേശൻ എം.പി രൂക്ഷവിമർശന വുമായി രംഗത്തെത്തി. ലൈബ്രറി പുസ്തക ഇടപാടിലെ തട്ടിപ്പ് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട അഴിമതിക്കുറ്റമാ ണെന്നും, ശിക്ഷ വിധിക്കുകയാണ് ജഡ്ജിയുടെ ജോലിയെന്നും അല്ലാതെ പാപങ്ങൾക്ക് പ്രായശ്ചിത്തം നിർദ്ദേശിക്കലല്ലെന്നും വെങ്കടേശൻ വിമർശിച്ചു. പ്രായശ്ചിത്തം നിർദ്ദേശിക്കുന്നത് ജ്യോതിഷികളുടെ പണിയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

തിങ്കളാഴ്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ, ആത്മീയ പുസ്തകങ്ങൾ വയ്ക്കണമെന്ന തന്റെ മുൻപരാമർശം തികച്ചും തമാശയായി പറഞ്ഞതാണെന്ന് ജസ്റ്റിസ് സ്വാമിനാഥൻ വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം വെങ്കടേശന്റെ ആഡംബര ജീവിതശൈലിയെ ചൂണ്ടിക്കാട്ടി മറുപടി നൽകിയത്.

ആറുമാസം മുൻപ് മധുരയിലേക്കുള്ള പാണ്ഡ്യൻ എക്സ്പ്രസിൽ കയറാൻ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വെങ്കടേശനെ കണ്ടുമുട്ടിയ അനുഭവം ജഡ്ജി തുറന്ന കോടതിയിൽ വിവരിച്ചു. ആഡംബര മെഴ്‌സിഡസ് ബെൻസ് കാറിൽ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും ധരിച്ചെത്തിയ വെങ്കടേശനെ ആദ്യം ഏതോ കോർപ്പറേറ്റ് കമ്പനി എക്സിക്യൂട്ടീവ് ആണെന്നാണ് താൻ തെറ്റിദ്ധരിച്ചതെന്ന് ജഡ്ജി പറഞ്ഞു.

ഒരു കമ്മ്യൂണിസ്റ്റ് നേതാവായിട്ടുപോലും ഇത്രയധികം ആഡംബര ജീവിതം നയിക്കുന്ന ഒരാൾ തന്നെ കടമകളെക്കുറിച്ച് പഠിപ്പിക്കാൻ വരേണ്ടെന്നും ജസ്റ്റിസ് സ്വാമിനാഥൻ തുറന്നടിച്ചു. തനിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ പോലും വിറ്റ് പൊതുപ്രവർത്തനത്തിനായി ഇറങ്ങിയ പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ ഓർമ്മിപ്പിച്ച ജഡ്ജി, പുതിയ കാലത്തെ നേതാക്കളുടെ ജീവിതരീതിയിലെ വൈരുദ്ധ്യത്തെയും വിമർശിച്ചു. ലൈബ്രറി ക്രമക്കേട് കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും, ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും കോടതി ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!