ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവം… കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം… കെഎസ്ഇബി ഉദ്യോഗസ്ഥനെ…

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14കാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച നിർദേശം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് കൈമാറി.

അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും കമ്മീഷൻ നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. അധികൃതർ സ്വീകരിച്ച നടപടികളും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഉണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ഡിസംബർ മൂന്നിന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!