ഇഡിയുടെ പേരിൽ വ്യാജ സമൻസ് തട്ടിപ്പ്… രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ…

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി.

ഇഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് നൽകാനുള്ളതെന്ന് കരുതുന്ന സമൻസാണ് കണ്ടെത്തിയത്. ഇതും വ്യാജമാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണ് സമൻസ് നിർമ്മിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനായി ഇയാൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയെന്നും രാജേന്ദ്രൻ മൊഴി നൽകിയതായാണ് വിവരം. സമാനരീതിയിൽ എത്ര സമൻസുകൾ നിർമ്മിച്ചിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് വ്യാജ ഇഡി സമൻസുമായി എത്തിയപ്പോഴാണ് രാജേന്ദ്രൻ വെള്ളപ്പാലം പിടിയിലായത്. സൊസൈറ്റി ഭാരവാഹിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ഇഡിയിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് കേസ്.

എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ സൊസൈറ്റി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ഇഡി സമൻസുകൾ കണ്ടെത്തിയത്.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ളതാണ് പുതിയതായി കണ്ടെത്തിയ സമൻസെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ രാജേന്ദ്രന് എവിടെ നിന്ന് ലഭിച്ചുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

അന്വേഷണം നേരിടുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് കൈമാറിയെന്ന ആരോപണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥനുമായി പണമിടപാട് നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!