ഇന്ത്യയ്ക്ക് ഇരട്ടിമധുരം… ഏകദിന ലോകകപ്പിനും 23 വർഷത്തിനുശേഷം…

ബാലി : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇരട്ടിമധുരവുമായി ഐസിസിയുടെ പ്രഖ്യാപനം. 2029-ലെ ചാമ്പ്യൻസ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും.

2031 ലോകകപ്പിന് ബംഗ്ലാദേശിനൊപ്പമാണ് ഇന്ത്യ സഹ-ആതിഥേയത്വം വഹിക്കുക. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിന് ശേഷമാണ് 2035 വരെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളുടെ കലണ്ടർ പ്രഖ്യാപിച്ചത്.

2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്നത്. 2029 ഒക്ടോബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനുള്ള അവസരവും ഇതോടെ ലഭിക്കും.

അതേസമയം, 2031 ഒക്ടോബർ 9 മുതൽ നവംബർ 23 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാകുന്നത്. 1987, 1996, 2011 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2023-ൽ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് വേദിയായ ഇന്ത്യയ്ക്ക് ഫൈനലിൽ ഓസ്ട്രേലിയയോട് തോൽവി വഴങ്ങേണ്ടി വന്നിരുന്നു.

2028-ലെ ടി20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി വേദിയാകും. 2030-ലെ ടി20 ലോകകപ്പ് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലായി നടക്കും. 2032, 2034 വർഷങ്ങളിലെ ടി20 ലോകകപ്പുകളുടെയും 2035-ലെ ഏകദിന ലോകകപ്പിന്റെയും വേദികൾ പിന്നീട് പ്രഖ്യാപിക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ 2035 വരെ രണ്ട് വർഷത്തിലൊരിക്കൽ ജൂൺ മാസത്തിൽ നടക്കും. 2029, 2031 വർഷങ്ങളിലെ ഫൈനലുകൾക്ക് ഇംഗ്ലണ്ട് വേദിയാകുമ്പോൾ 2033, 2035 ഫൈനലുകളുടെ വേദികൾ തീരുമാനിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!