തിരുവനന്തപുരം: ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി. ഡിഎംഒമാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രിയിൽ ചത്ത എലികളെയും പൂച്ചകളെയും കിടക്കയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിയുടെ വിമർശനം ശക്തമായത്.
വീഴ്ചകൾ സംഭവിച്ചശേഷം ഇടപെടുന്നതിന് പകരം അവ സംഭവിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നൽകിയ നിർദേശം. മന്ത്രി നൽകുന്ന നിർദേശങ്ങൾ പോലും ഡിഎംഒമാർ കൃത്യമായി പാലിക്കുന്നില്ലെന്ന വിമർശനവും വകുപ്പിനുണ്ട്.
പല ജില്ലകളിലെയും ഉദ്യോഗസ്ഥർ ഓഫീസുകളിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കുന്നുവെന്നും ആരോഗ്യവകുപ്പിന് പരാതിയുണ്ട്. വകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ പ്രവർത്തനം ജില്ലാ മെഡിക്കൽ ഓഫീസർമാർ നേരിട്ട് വിലയിരുത്തണം. ആശുപത്രികളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ആരോഗ്യവകുപ്പുമായി ആലോചിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ വാർഡിനോട് ചേർന്ന കെട്ടിടത്തിൽ ചത്ത എലികളെയും പൂച്ചകളെയും കിടക്കയിൽ കണ്ടെത്തിയ സംഭവം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങളും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓർമിപ്പിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
