ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കായി ഡൽഹിയിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷവിരുന്ന് വിവാദമാകുന്നു. വിരുന്നിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപക വിമർശനം ഉയർന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, പാർട്ടി വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും വിരുന്നിൽ പങ്കെടുത്തു.
ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടെയും, ഡൽഹിയിലെ സംഘർഷത്തിൽ പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്നതിനിടെയുമാണ് ആഘോഷപരിപാടി സംഘടിപ്പിച്ചതെന്നതാണ് പ്രധാന വിമർശനം. ഇത്തരമൊരു സാഹചര്യത്തിൽ ആഹ്ലാദപ്രകടനം നടത്തിയത് അനുചിതമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
സംഭവത്തെ വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി പറയുന്ന പാർട്ടി ആഘോഷവിരുന്ന് സംഘടിപ്പിച്ചത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, ജന്തർ മന്തറിലെ സമരത്തിനിടെ പ്രതിഷേധക്കാർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന മുഹമ്മദ് ജുനൈദിനെ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
