തിരുവനന്തപുരം: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കൈമാറിയെന്ന കെ. വാരിസിന്റെ മൊഴിക്ക് പിന്തുണ നൽകുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.
വാരിസ് പിന്നീട് മൊഴി മാറ്റിയാലും വാട്സാപ് സംഭാഷണങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇ.ഡി.യുടെ നിലപാട്. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച് സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിപി റാവാഡ എ. ചന്ദ്രശേഖർ അറിയിച്ചു.
2024 ജൂലൈ 3, ജൂലൈ 23, 2025 ജൂലൈ 5 തീയതികളിൽ ഹവാല ഏജന്റായ സുബൈർ കരുവംപൊയിലിന് വാരിസ് വാട്സാപ് വഴി കറൻസി നോട്ടുകളുടെ ചിത്രങ്ങൾ അയച്ചതായി ഇ.ഡി. പറയുന്നു. സീരിയൽ നമ്പർ വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അയച്ചതെന്നാണ് കണ്ടെത്തൽ.
ദുബായ് ദിർഹവും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് കണക്കാക്കിയതിന്റെ ചിത്രവും ഇതേ ചാറ്റിലുണ്ടെന്നാണ് ഇ.ഡി.യുടെ കത്തിൽ പറയുന്നത്. മൊഴിയിൽ പരാമർശിച്ച തീയതികളിൽ തന്നെ കറൻസിയുടെ സീരിയൽ നമ്പറുകളും വിനിമയ നിരക്ക് കണക്കുകളും കൈമാറിയത് ഹവാല ഇടപാടുമായി ബന്ധപ്പെട്ടതിന്റെ സൂചനയാണെന്നും ഇത് വാരിസിന്റെ മൊഴിക്ക് പിന്തുണ നൽകുന്ന തെളിവാണെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
ഇതിനുപുറമെ, ദുബായിലുള്ള ഫൈജാസിന് 2024 സെപ്റ്റംബറിൽ ഹവാല വഴി കൈമാറിയതായി പറയുന്ന 85 ലക്ഷം രൂപയ്ക്ക് പുറമേ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയ മറ്റൊരു തുകയുടെ വിവരങ്ങളും ടി. വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ഡി. പറയുന്നു.
റെഡ് ബുക്കിന്റെ രണ്ടാം പേജിലെ കുറിപ്പായി ചൂണ്ടിക്കാട്ടുന്നത് ഫൈജാസിന്റെ യുഎഇയിലെ മഷ്റഖ് ബാങ്ക് അക്കൗണ്ടിലേക്ക് 1,46,600 രൂപ ട്രാൻസ്ഫർ ചെയ്തതിന്റെ വിവരമാണ്.
‘16 അംഗ ബേപ്പൂർ കോർ ടീം’ ഗ്രൂപ്പിലും നിർണായക കണ്ടെത്തലെന്ന് ഇ.ഡി.
റിയാസ് മന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾക്ക് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും ഇ.ഡി. കത്തിൽ ഉന്നയിക്കുന്നുണ്ട്.
‘16 അംഗ നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന വാട്സാപ് ഗ്രൂപ്പിൽ മന്ത്രി റിയാസ്, മിഥുൻ കിച്ചു റിയാസ് സെക്രട്ടറി, വിബിൻ മിനിസ്റ്റർ സെക്രട്ടറി എന്നീ പേരുകളിൽ നമ്പറുകൾ സേവ് ചെയ്തിരുന്നതായി ഇ.ഡി. പറയുന്നു. വി.പി. ഫൈജാസ്, കെ. ഷൈജൽ എന്നിവരുടെ പേരുകളും ഗ്രൂപ്പുമായി ബന്ധപ്പെട്ട് കത്തിൽ പരാമർശിക്കുന്നു.
ഹവാല ഇടപാടുകാരും മന്ത്രിയുടെ സ്റ്റാഫും ഒരേ വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. മന്ത്രിയുടെ ഓഫിസിന് പണമിടപാട് ശൃംഖലയുമായി ബന്ധമുണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
ബേപ്പൂരിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായുള്ള ഗ്രൂപ്പാണിതെന്ന് റിയാസ് നേരത്തെ വിശദീകരിച്ച സാഹചര്യത്തിലാണ് ഇതേ ഗ്രൂപ്പിൽ ഹവാല ഇടപാടുകാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ഇ.ഡി.യുടെ പരാമർശം ശ്രദ്ധേയമാകുന്നത്.
അതേസമയം, കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനം നിർണായകമാകും.
