കോട്ടയം : സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കേസിലെ പരാതിക്കാരനും ബിജെപി വൈസ് പ്രസിഡന്റുമായ അഡ്വ. ഷോൺ ജോർജ്.
റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയതായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും, ഇതിൽ പരാമർശിക്കുന്ന 20 കോടി രൂപ എവിടെനിന്നാണ് വന്നതെന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഇന്ന് ചേരുന്ന സിപിഎം വിശാല സമിതി മുഹമ്മദ് റിയാസിനെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണ മെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
പാർട്ടി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഇരുവരും നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കണം. പിണറായി വിജയൻ ‘എന്ത് സഹായമാണ് നൽകിയതെന്ന്’ ചോദിക്കുമ്പോൾ, ഇൻവോയ്സ് ഇല്ലാതെ 85 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം കൈക്കൂലിയല്ലേയെന്നും ഷോൺ ജോർജ് ചോദിച്ചു.
പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ച് ബിസിനസ് നടത്താൻ സാധിക്കുമോയെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എംഡി വീണയുടെ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും, പണം നൽകിയതായി സിഎംആർഎൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മൊഴി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് മന്ത്രിമാരോ അവരുടെ ബന്ധുക്കളോ ഏതെങ്കിലും കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയിലെ പരിസ്ഥിതി വിഷയങ്ങളിലെ സ്റ്റാൻഡിങ് കൗൺസിലായ നവീൻ, പിണറായി വിജയന്റെ അനിയത്തിയുടെ മകനാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
അതേസമയം, മുസ്ലിം ലീഗ് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തി കൂടുതൽ ഹവാല ഇടപാടുകൾ പുറത്തുകൊണ്ടുവരണമെന്ന് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വത്തെ ഭയന്നാണ് മുഖ്യമന്ത്രി അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി ആവശ്യപ്പെട്ടിട്ടും കേസ് എടുക്കാത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിന് പിന്നിൽ പിണറായി വിജയനോടുള്ള സ്നേഹം മാത്രമല്ലെന്നും, മലബാർ മേഖലയിലെ ഹവാല ഇടപാടുകളിലേക്കുള്ള അന്വേഷണം ലീഗ് നേതാക്കളിലേക്ക് എത്തുമെന്ന ഭയമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
