കോട്ടയം: ട്രെയിനുകൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകി.
അതിരമ്പുഴയിലെയും സമീപ പ്രദേശ നിവാസികളുടെയും ചിരകാല സ്വപ്നമാണ് ഏറ്റുമാനൂർ സ്റ്റേഷനിലൂടെ പുലർച്ചെ കടഞ്ഞുപോകുന്ന ഒരു ട്രെയിന് സ്റ്റോപ്പ് വേണമെന്നത്. പതിറ്റാണ്ടുകളായുള്ള ആവശ്യമാണിത്.
തലസ്ഥാന നഗരിയിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷൻ കടന്ന് കോട്ടയത്ത് പോയാണ് ട്രെയിൻ കയറുന്നത്.
റീജിയണൽ ക്യാൻസർ സെന്റർ പോലുള്ള ഹോസ്പിറ്റലിലേയ്ക്കുള്ള യാത്രക്കാരും ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കുറവിലങ്ങാട്, പാലാ, കടുത്തുരുത്തി, നീണ്ടൂർ, വയലാ, പേരൂർ,കിടങ്ങൂർ ഭാഗത്ത് നിന്നും നിരവധി യാത്രക്കാർക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് ലഭിച്ചാൽ പ്രയോജനപ്പെടും.
അതിരമ്പുഴ പള്ളിയിലെ നിരവധി യുവജന സംഘടനകൾ ഫോറാന പള്ളി വികാരിയായ റെവറന്റ് ഫാദർ മാത്യു പടിഞ്ഞാറേക്കുറ്റ് നെ സമീപിക്കുകയും സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പള്ളിയിലെത്തിയ കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയ്ക്ക് നിവേദനം കൈമാറാൻ തീരുമാനിക്കുകയുമായിരുന്നു.
അസിസ്റ്റന്റ് വികാരി റെവ. ഫാദർ മാർട്ടിൻ നീളപ്പറമ്പിൽ, കാത്തോലിക് യൂത്ത് മൂവ്മെന്റ് പ്രതിനിധികളോടും പള്ളി കൈകാരമാരോടൊപ്പം സുരേഷ് ഗോപിയോട് സ്റ്റോപ്പിന്റെ ആവശ്യം അറിയിക്കുകയായിരുന്നു.
സമാനമായ നിവേദനം ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയും സുരേഷ് ഗോപിയ്‌ക്ക് സമർപ്പിച്ചിരുന്നു. അധികൃതരുമായി സംസാരിച്ച വിവരവും സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പങ്കുവെച്ചു. നിവേദനം സ്വീകരിച്ച ശേഷം പ്രസ്തുത വിഷയത്തിൽ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
മധ്യ- തെക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പള്ളികളിൽ ഒന്നാണ് അതിരമ്പുഴ ഫോറാനാ പള്ളി. ചരിത്രപ്രാധാന്യമുള്ള വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാൾ ദിവസങ്ങളിൽ വഞ്ചിനാടിന് ഇവിടെ റെയിൽവേ താത്കാലികമായി സ്റ്റോപ്പ് അനുവദിക്കാറുണ്ട്. കേരളത്തിലെ പലഭാഗത്ത് നിന്നുമുള്ള നിരവധി ഭക്ത ജനങ്ങൾ പള്ളി സന്ദർശിക്കാറുണ്ട്. വഞ്ചിനാടിന് സ്ഥിരമായി സ്റ്റോപ്പ് വേണമെന്നത് എല്ലാവരുടെയും ആവശ്യമാണ്..
