മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷനിലും നിയന്ത്രണം; ഇനിമുതൽ ‘രണ്ടുവർഷക്കാർക്ക്’ പെൻഷനില്ല!

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാലുവർഷത്തെ സേവനം നിർബന്ധമാക്കി സർക്കാർ. ഇതുവരെ രണ്ടുവർഷം സേവനം പൂർത്തിയാക്കിയാൽ പെൻഷന് അർഹത ലഭിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിലവിലുള്ള ചട്ടപ്രകാരം രണ്ടുവർഷത്തിലധികം സേവനം ചെയ്തവരുടെ കാലാവധി മൂന്നുവർഷമായി കണക്കാക്കി പെൻഷൻ അനുവദിച്ചിരുന്നു. എന്നാൽ ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം അനുഷ്ഠിച്ചവർക്ക് മാത്രമേ പെൻഷൻ ലഭിക്കാവൂ എന്ന നിലപാടിലാണ് സർക്കാർ. ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്.

രണ്ടുവർഷം പൂർത്തിയാകുമ്പോൾ നിലവിലെ സ്റ്റാഫിനെ മാറ്റി പുതിയവരെ നിയമിച്ച് ഇരുവിഭാഗത്തിനും പെൻഷൻ ഉറപ്പാക്കുന്ന രീതിക്ക് ഇതോടെ തടയിടാനാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ മാനദണ്ഡം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ല. നിലവിൽ നാലുവർഷത്തിൽ താഴെ സേവനം ചെയ്ത് പെൻഷൻ ലഭിക്കുന്നവരുടെ ആനുകൂല്യങ്ങൾ തുടരും.

കേരളത്തിലാണ് മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. ഈ രീതിയെ സുപ്രീംകോടതിയും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും മുൻപ് വിമർശിച്ചിരുന്നു. ശമ്പളപരിഷ്‌കരണ കമ്മിഷനും പെൻഷൻ ലഭിക്കാൻ കുറഞ്ഞത് നാലുവർഷം സേവനം വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും മുൻ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളുടെ എണ്ണം കൂടുതലാണ്. കേന്ദ്രമന്ത്രിമാർക്ക് പരമാവധി 15 പേരെ മാത്രമാണ് നിയമിക്കാനാവുക. തമിഴ്‌നാട്ടിൽ ഒരാളെ മാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാൻ കഴിയൂ. കർണാടകയിൽ ഈ പരിധി 14 ആണ്. കേരളത്തിൽ 25 പേരെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാമെന്നും അതിൽ 17 പേരെ നേരിട്ട് തിരഞ്ഞെടുക്കാമെന്നും ചട്ടമുണ്ട്.

നിലവിൽ കുറഞ്ഞ പെൻഷൻ തുക 4,750 രൂപയാണ്. ഓരോ മന്ത്രിസഭാ കാലയളവിലും നൂറുകണക്കിന് പേർ രാഷ്ട്രീയ നിയമനങ്ങളിലൂടെ പേഴ്‌സണൽ സ്റ്റാഫിൽ എത്തുന്നുണ്ട്. ചെറുപ്പത്തിൽ ഈ തസ്തികയിൽ എത്തി പിന്നീട് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന സാഹചര്യം പൊതുസമൂഹത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

1994-ൽ കെ. കരുണാകരൻ സർക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവന്നത്. 1982 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു അന്നത്തെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!