ഇടുക്കി: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്നു രാവിലെ ആരംഭിക്കും. നാല് ഡോക്ടർമാർ ഉൾപ്പെടുന്ന വനംവകുപ്പ് സംഘവും വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിനായി സജ്ജമാണ്.ചൊവ്വാഴ്ച ദൗത്യത്തിന്റെ മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലും അഞ്ചോ അതിലധികമോ പേർ കൂട്ടംചേരുന്നതിനും ഒത്തുകൂടുന്നതിനും വിലക്കുണ്ട്.
ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും ആനയെ കാണാൻ കൂട്ടംകൂടരുതെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ദൗത്യത്തിനായി നിയോഗിച്ചവർക്കും മാത്രമായിരിക്കും നിയന്ത്രിത മേഖലയിലേക്ക് പ്രവേശനം. ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. പ്രദേശവാസികളുടെ അടിയന്തര യാത്രകൾക്ക് സാഹചര്യമനുസരിച്ച് അനുമതി നൽകും.
ദൗത്യമേഖലയിലും നിയന്ത്രിത പ്രദേശങ്ങളിലും ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്. യൂട്യൂബർമാർ ഉൾപ്പെടെയുള്ളവർക്ക് നിയന്ത്രണം ബാധകമാണ്. എന്നാൽ മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ സ്ഥലങ്ങളിൽനിന്ന് വാർത്തകൾ ശേഖരിക്കാൻ സൗകര്യമൊരുക്കും.
ആനയെ പിടികൂടുന്ന പ്രദേശങ്ങളിലും സമീപമേഖലകളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചു. ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ നിയന്ത്രണം തുടരും.
ഡ്രോൺ ഉപയോഗിച്ച് ചക്കക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിച്ച ശേഷമായിരിക്കും മയക്കുവെടി പ്രയോഗിക്കുക. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യം. നിലവിൽ 301 കോളനിയുടെ എതിർഭാഗത്താണ് ആനയുള്ളത്.
ബുധനാഴ്ച സിമന്റ് പാലത്തിന് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് ചക്കക്കൊമ്പൻ എത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ആന തുറസ്സായ സ്ഥലത്ത് എത്തിയാൽ ദൗത്യം ബുധനാഴ്ച തന്നെ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷിച്ച സ്ഥലത്തേക്ക് ആന എത്താത്ത സാഹചര്യമുണ്ടായാൽ ദൗത്യം നീളാനും സാധ്യതയുണ്ട്.
