കോട്ടയം : കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ കോട്ടയം ജില്ലയിൽ എൽഡിഎഫിനെ നിഷ്പ്രഭമാക്കി യുഡിഎഫിന്റെ റെക്കോർഡ് വിജയം.
ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് ‘ക്ലീൻ സ്വീപ്പ്’ നടത്തി. വർഷങ്ങൾക്ക് ശേഷമാണ് ഒരു മുന്നണി തന്നെ ജില്ലയിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുന്നത്.
കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം എന്നീ ഒൻപത് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയക്കൊടി പാറിച്ചത്.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ തന്റെ ഭൂരിപക്ഷം റിക്കാർഡ് ആക്കി വർദ്ധിപ്പിച്ച് മണ്ഡലം നിലനിർത്തി. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു.
കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ പോരാട്ടം നടന്ന കടുത്തുത്തി യുഡിഎഫിന്റെ മുന്നേറ്റം എൽഡിഎഫിന് തടയാനായില്ല. പാലായിൽ കേരള കോൺഗ്രസ് (എം) നെ തകർത്താണ് മാണി സി കാപ്പാൻ വീണ്ടും ജയിച്ചത്. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി കരുതപ്പെട്ടിരുന്ന ഈ മണ്ഡലങ്ങളിൽ അപ്രതീക്ഷിത അട്ടിമറിയാണ് നടന്നത്.
1980-കൾക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു സമ്പൂർണ്ണ വിജയം യുഡിഎഫ് സ്വന്തമാക്കുന്നത്.
1991-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. അന്ന് 10 മണ്ഡലങ്ങളുണ്ടായിരുന്ന കോട്ടയത്ത് എട്ടു സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. എന്നാൽ 2026-ൽ ഒൻപത് സീറ്റുകളും നേടി ആ റെക്കോർഡും യുഡിഎഫ് തിരുത്തിക്കുറിച്ചു.
2021-ലെ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് ചേക്കേറിയതോടെ ജില്ലയിൽ യുഡിഎഫിന് വലിയ വിള്ളലുകൾ സംഭവിച്ചിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി സീറ്റുകൾ എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഈ കരുത്തിനെയാണ് 2026-ൽ യുഡിഎഫ് നിഷ്പ്രഭമാക്കിയത്.
ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ പൊതു തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണത്തേത്. അദ്ദേഹം അരനൂറ്റാണ്ട് പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയിൽ അക്കാലത്ത് നേടിയെടുക്കാൻ കഴിയാത്ത ഭൂരിപക്ഷം ആണ് മകൻ ചാണ്ടി ഉമ്മന് ഇത്തവണ ലഭിച്ചത്.
ഭരണവിരുദ്ധ വികാരവും, കേരള കോൺഗ്രസ് ഘടകകക്ഷികൾക്കിടയിലെ വോട്ട് ചോർച്ചയുമാണ് എൽഡിഎഫിന് തിരിച്ചടിയായതെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. കൂടാതെ, റബ്ബർ വില അടക്കമുള്ള കാർഷിക പ്രശ്നങ്ങളിൽ യുഡിഎഫ് സ്വീകരിച്ച നിലപാടുകൾ ക്രൈസ്തവ മേഖലകളിൽ വലിയ ചലനമുണ്ടാക്കി.
കോട്ടയം ജില്ല വീണ്ടും യുഡിഎഫിന്റെ അജയ്യമായ കോട്ടയാണെന്ന് പ്രഖ്യാപിക്കുന്ന ഫലമാണ് 2026-ലേത്.
വരും ദിവസങ്ങളിൽ ഈ രാഷ്ട്രീയ മാറ്റം കേരളത്തിന്റെ മൊത്തത്തിലുള്ള ഭരണമാറ്റത്തിന് എത്രത്തോളം കരുത്തുപകരുമെന്ന് കണ്ടറിയണം.
