റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂത്തി ആക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്

റിയാദ് : സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ പ്രമുഖ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ വീണ്ടും ഹൂത്തി ആക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു. രണ്ട് സൗദി പൗരന്മാർ, നാല് ഈജിപ്തുകാർ, മൂന്ന് നേപ്പാൾ സ്വദേശികൾ എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന പിഐഎഫ് ആസ്ഥാന മന്ദിരമാണ് ആക്രമണത്തിനിരയായത്. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. സൗദി സിവിൽ ഡിഫൻസും സഖ്യസേനയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് അടിയന്തര രക്ഷാപ്രവർത്തന വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി മുന്നറിയിപ്പ് നൽകി.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് റിയാദിലെ പിഐഎഫ് ടവർ ഹൂത്തികളുടെ ലക്ഷ്യമാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയും കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സൗദിയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഈ ആക്രമണങ്ങൾ സുരക്ഷാ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി റിയാദിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി അറിയിച്ചു.

ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന നടപടികളാണ് ഇത്തരം ആക്രമണങ്ങളെന്ന് വിവിധ രാജ്യങ്ങളും സംഘടനകളും ചൂണ്ടിക്കാട്ടി.*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!