ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങി ; ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വർഷം തടവ്


കോട്ടയം :  ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങിയ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വർഷം തടവ്.

വടവാതൂരിലെ അബാദ് ന്യൂ ഡേൽ  ഫ്ലാറ്റിൽ 15 ദിവസം താമസിച്ച ശേഷം വാടക കൊടുക്കാതെ മുങ്ങിയ കേസിലാണ്  ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ്  ബിനു ചാക്കോ എന്ന ബിനു പഴയചിറക്ക് ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വിധിച്ചത്.

വടവാതൂർ സ്വദേശി ജിനു മാത്യുവിന്റെ പരാതിയിൽ 2017 ൽ മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്  മജിസ്ട്രേട്ട് അനന്തകൃഷ്ണൻ.എസ് ശിക്ഷ വിധിച്ചത്. പരാതിക്കാരന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ കെ നീലിയറയാണ് കേസ് വാദിച്ചത്. 

വാടക തുകയുടെ ചെക്ക് നൽകിയശേഷം ബിനു ചാക്കോ മുങ്ങി നടക്കുകയായിരുന്നു. കേസിൽ  ബോധപൂർവ്വം തന്നെയാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫ്ലാറ്റിൽ താമസിക്കുന്നതി നുള്ള കരാർ  എന്നിവ തെളിവുകളായി സ്വീകരിച്ചുകൊണ്ടാണ് കോടതി  ശിക്ഷ വിധിച്ചത്. 

വാടകയ്ക്ക് കരാർ എഴുതുന്ന  സമയത്ത് കേവലം 72 രൂപ മാത്രമായിരുന്നു പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.  വാടക നൽകാനുള്ള പൈസ ഇല്ലാതിരുന്നിട്ടും കരാർ എഴുതിയത് ബോധപൂർവ്വമുള്ള തട്ടിപ്പിനു വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിദിനം 3500 രൂപ നിരക്കിൽ 52500 രൂപ ആണ് പരാതിക്കാരന് പ്രതിനഷ്ടം വരുത്തിയത് എന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21  ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. തൊഴിൽ തട്ടിപ്പ് നടത്തി യതിലും  ഇയാൾക്കെതിരെ കേസ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!