വോട്ടെണ്ണൽ ദിനങ്ങളിൽ പാലക്കാട് ‘നിശബ്ദം’… പടക്ക നിർമ്മാണത്തിനും വിൽപനയ്ക്കും നിരോധനം… ഉത്തരവിട്ട് കളക്ടർ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെയും ഫലപ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പടക്ക നിർമ്മാണ-വിൽപനശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം ബാധകമാകുകയെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.

വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ജില്ലയിൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനും അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും വേണ്ടിയാണ് ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം കളക്ടർ ഉത്തരവിറക്കിയത്.

ജില്ലയിലെ മുഴുവൻ പടക്ക നിർമ്മാണ യൂണിറ്റുകൾക്കും വിൽപന ശാലകൾക്കും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തന നിയന്ത്രണമുണ്ടാകും. വിജയാഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ജില്ലയിൽ അതീവ ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!