അവസാന വോട്ട് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളി ൽ മടക്കം… ജനാധിപത്യ കടമ നിറവേറ്റി 92-കാരൻ ലോനപ്പൻ വിടവാങ്ങി

കൊച്ചി: വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി പൗരധർമ്മം നിർവ്വഹിച്ച 92-കാരൻ ലോനപ്പൻ വിടവാങ്ങി. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായ ലോനപ്പൻ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്തരിച്ചത്.

85 വയസ്സിന് മുകളിലുള്ളവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ ‘വീട്ടിൽ വോട്ട്’ പദ്ധതി പ്രകാരമാണ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പ്രൊവിഡൻസ് ഹോമിലെത്തിയത്. ശാരീരിക അസ്വസ്ഥതകൾക്കിടയിലും ലോനപ്പൻ ആവേശത്തോടെ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് രേഖപ്പെടുത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ലോനപ്പന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട അദ്ദേഹം ഉച്ചയ്ക്ക് 12 മണിയോടെ മരണത്തിന് കീഴടങ്ങി.

തേവര കോന്തുരുത്തി കുട്ടംപറമ്പിൽ സ്വദേശിയാണ് ലോനപ്പൻ. 2016 മുതൽ പ്രൊവിഡൻസ് ഹോമിലായിരുന്നു താമസം. 12 വർഷം മുൻപ് ഭാര്യ മരിച്ച ലോനപ്പന് മക്കളില്ല. സിസ്റ്റർമാരുടെ പരിചരണത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അവസാന നിമിഷം വരെ തന്റെ വോട്ടവകാശം പാഴാക്കരുത് എന്ന ലോനപ്പന്റെ ദൃഢനിശ്ചയം വരും തലമുറയ്ക്ക് വലിയൊരു ഓർമ്മപ്പെടുത്തലാണ്. വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തി. അസുഖബാധിതനായിട്ടും തന്റെ വോട്ട് രേഖപ്പെടുത്തണം എന്ന വാശിയിലായിരുന്നു ലോനപ്പൻ എന്ന് പ്രൊവിഡൻസ് ഹോമിലെ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!