കൊച്ചി : ലോകപ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും സംബന്ധിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി വകുപ്പ് എടുത്ത കേസിലും തുടർനടപടികളിലും ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു.
പരിപാടിയുടെ സ്പോൺസർമാരായ കമ്പനിക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളുമായി കൊല്ലം ജി.എസ്.ടി ഓഫീസിൽ ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകി.
നികുതിവെട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജി.എസ്.ടി വകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നോട്ടീസ് ചോദ്യം ചെയ്തും, രേഖകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം തേടിയുമാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി, അന്വേഷണ നടപടികളിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സാവകാശം നൽകുന്ന കാര്യം അന്വേഷണസംഘം തീരുമാനിക്കട്ടെയെന്നും, കൃത്യമായ കണക്കുകളും രേഖകളുമായി ജി.എസ്.ടി ഓഫീസിൽ ഹാജരാകാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവംബർ 19-ന് കൊല്ലം ജി.എസ്.ടി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 25.78 കോടി രൂപയുടെ വൻ നികുതിവെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നികുതി തുകയും 18 ശതമാനം പലിശയും അതിന് തുല്യമായ പിഴയും ഉൾപ്പെടെ ആകെ 56.32 കോടി രൂപ ഒടുക്കാൻ കമ്പനിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിനുപുറമെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ 336 കോടി രൂപയുടെ ഉറവിടം വ്യക്തമല്ലെന്നും ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്പോൺസർഷിപ്പ് ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സമാഹരിച്ചതിലാണ് വൻ ക്രമക്കേടുകൾ പുറത്തുവന്നത്. ഈ ഇടപാടുകളിൽ കൃത്യമായി ജി.എസ്.ടി അടയ്ക്കാതെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ, നവംബർ 19-ന് കമ്പനി പ്രതിനിധികൾക്ക് രേഖകളുമായി കൊല്ലം ഓഫീസിൽ ഹാജരാകേണ്ടിവരും. കേസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
