ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണിയെന്ന് പരാതി.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി. രണ്ട് നമ്പറുകളിൽ നിന്നായി 4 തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിന്‍റെ പരാതി. സംഭവത്തില്‍ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകി.
പുന്നപ്ര നോർത്ത് 6-ാം വാർഡിൽ കറിച്ചറത്ത് വീട്ടിൽ പ്രദീപ് കുമാറാണ് പുന്നപ്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയത്. മുൻ മന്ത്രി ജി. സുധാകരന്റെ കാർ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് പ്രദീപ്. മാർച്ച് 31-ന് രാവിലെ 9:33-നാണ് ആദ്യത്തെ ഭീഷണി കോൾ എത്തിയത്. ജി. സുധാകരന് വേണ്ടി ഇലക്ഷൻ പ്രവർത്തനം നടത്തിയാൽ വീട്ടിൽ കയറി വെട്ടിക്കൊന്നു കളയുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. രണ്ട് വ്യത്യസ്ത നമ്പറുകളിൽ നിന്നായി നാല് തവണ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് പ്രദീപ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ പൂർണ്ണരൂപം…..
“ഞാൻ മുൻ മന്ത്രിയും നിലവിലെ അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ അവർകളുടെ കാർ ഡ്രൈവറായി ജോലി നോക്കിവരുന്നു. ഇന്നേ ദിവസം (31-3-2026) രാവിലെ 9:33-ന് എന്റെ ഫോണിൽ വിളിച്ച് ജി. സുധാകരന് വേണ്ടി ഇലക്ഷൻ പ്രവർത്തനം നടത്തിയാൽ വീട്ടിൽ കയറി വെട്ടിക്കൊന്നു കളയും എന്ന് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് നാല് തവണ വിളിച്ച് ഭീഷണിപ്പെടുത്തി (9995073622, 9746107345). ആയതിനാൽ എന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ടിയാൻമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.” – പ്രദീപ് കുമാർ
അമ്പലപ്പുഴയിൽ ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷ ക്യാമ്പുകളിൽ വലിയ ചർച്ചയായിരിക്കെയാണ് അദ്ദേഹത്തിന്റെ സഹായിക്ക് നേരെയുള്ള വധഭീഷണി പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
