ശബരിമല തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല വ്രതം. വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന വ്രതാനുഷ്ഠാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിനാണ് പ്രാധാന്യം നൽകുന്നത്.
ശിരസ്സിൽ ഇരുമുടിക്കെട്ടും മനസ്സിൽ അയ്യപ്പനാമവും നിറച്ച് കാനനവാസനെ ദർശിക്കാനൊരുങ്ങുന്ന ഭക്തർ കർശനമായ ആചാരങ്ങളും ചിട്ടകളും പാലിച്ചാണ് വ്രതം അനുഷ്ഠിക്കുന്നത്.
മറ്റു വ്രതങ്ങളിൽനിന്ന് വ്യത്യസ്തമായ ആചാരരീതികളാണ് മണ്ഡലകാല വ്രതത്തിനുള്ളത്. ശാസ്താപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമായാണ് ഇത് വിശ്വസിക്കപ്പെടുന്നത്. ശനിദോഷ ശാന്തിക്കും കലിയുഗത്തിലെ ദുരിതങ്ങളിൽനിന്നുള്ള മോചനത്തിനും വൃശ്ചികവ്രതം അനുഷ്ഠിച്ച് ശബരിമല ദർശനം നടത്തുന്നത് ഫലപ്രദമാണെന്നാണ് വിശ്വാസം.
വ്രതകാലത്ത് പാലിക്കേണ്ട കാര്യങ്ങൾ
സൂര്യോദയത്തിന് മുൻപ് കുളിച്ച് ശുദ്ധിവരുത്തി ശരണം വിളിച്ചശേഷം വേണം ദിവസത്തെ ഭക്ഷണം കഴിക്കാൻ. സാധ്യമെങ്കിൽ എല്ലാ ദിവസവും അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തണം. ശാസ്താക്ഷേത്രങ്ങളിലെ ദർശനത്തിനാണ് കൂടുതൽ പ്രാധാന്യം. മണ്ഡലകാലത്ത് ക്ഷേത്രങ്ങളിൽ സംഘടിപ്പിക്കുന്ന ഭജനകളിലും മറ്റ് ആത്മീയ ചടങ്ങുകളിലും പങ്കെടുക്കുന്നതും ഉത്തമമാണ്.
വ്രതദിനങ്ങളിൽ ഭക്ഷണത്തിലും ജീവിതരീതിയിലും പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. മത്സ്യ-മാംസാഹാരങ്ങൾ, ലഹരിവസ്തുക്കൾ, ക്ഷൗരം എന്നിവ ഒഴിവാക്കണം. ഹിംസ, കോപം, വഞ്ചന, ശാപവാക്കുകൾ, പരദൂഷണം, പഴിചാരൽ, അസത്യം തുടങ്ങിയവയിൽനിന്നും വിട്ടുനിൽക്കണം. ശരീരശുദ്ധിക്കൊപ്പം മനഃശുദ്ധിക്കും തുല്യപ്രാധാന്യം നൽകണം. പഴകിയ ഭക്ഷണം ഒഴിവാക്കി ആഹാരകാര്യത്തിൽ ചിട്ട പാലിക്കണം. വ്രതകാലത്ത് കറുപ്പ്, നീല തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമമെന്നും ആചാരങ്ങൾ അനുശാസിക്കുന്നു.
ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വ്രതകാലത്ത് ജപിക്കാവുന്ന പ്രധാന മന്ത്രങ്ങളിലൊന്നാണ്:-
ഭൂതനാഥ സദാനന്ദാസർവഭൂത ദയാപരരക്ഷ രക്ഷാ മഹാബാഹോശാസ്തേ തുഭ്യം നമോ നമഃ
കെട്ടുനിറയ്ക്ക് പ്രത്യേക പ്രാധാന്യം
ശബരിമല തീർഥാടനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തുന്ന പ്രധാന ചടങ്ങാണ് ഇരുമുടിക്കെട്ട് നിറയ്ക്കൽ അഥവാ കെട്ടുമുറുക്ക്. വീട്ടിലോ ക്ഷേത്രത്തിലോ ഈ ചടങ്ങ് നടത്താവുന്നതാണ്. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ആചാര പ്രകാരമായിരിക്കണം കെട്ടുനിറയ്ക്കൽ. ഇരുമുടിക്കെട്ട് ശിരസ്സിലേറ്റിയശേഷം ഗണപതിക്ക് തേങ്ങയുടച്ച് പ്രാർഥിച്ചാണ് തീർഥാടകർ യാത്ര ആരംഭിക്കുന്നത്.
വീട്ടിൽ കെട്ടുനിറയ്ക്കുമ്പോൾ ഉമ്മറത്ത് കുരുത്തോല, ആലില, മാവില, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച പന്തൽ ഒരുക്കണം. പീഠത്തിൽ അലക്കിയ മുണ്ടുവിരിച്ച് കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം സ്ഥാപിക്കണം. ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി ഗണപതിക്ക് ഒരുക്കുകളും സമർപ്പിക്കണം. പുതിയ പായയോ വിരിയോ വിരിച്ചശേഷമാണ് കെട്ടുനിറയ്ക്കാനുള്ള സാധനങ്ങൾ ഒരുക്കേണ്ടത്.
കെട്ടുമുറുക്ക് പൂർത്തിയായാൽ വീട്ടിലെ മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണ നൽകണം. അതിനുശേഷം ഗുരുസ്വാമിക്ക് ദക്ഷിണ സമർപ്പിക്കണം. യാത്രയ്ക്ക് ഇറങ്ങുമ്പോൾ കഴുകി വൃത്തിയാക്കിയ കല്ല് മുറ്റത്ത് സ്ഥാപിച്ച് അതിൽ കർപ്പൂരമോ തിരിയോ തെളിക്കണം. തുടർന്ന് ഗണപതിഭഗവാനെ മനസ്സിൽ ധ്യാനിച്ച് കല്ലിന് മൂന്നു തവണ വലംവച്ച് തേങ്ങയുടയ്ക്കുന്നതാണ് ആചാരം.
ഇതിനുശേഷം വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ യാത്ര തുടരണമെന്നാണ് വിശ്വാസം. ഇരുമുടിക്കെട്ടിന്റെ പവിത്രതയും വ്രതശുദ്ധിയും കാത്തുസൂക്ഷിച്ച് ശരണംവിളികളോടെ മലകയറുന്നതാണ് ഓരോ അയ്യപ്പഭക്തന്റെയും മണ്ഡലകാല തീർഥാടനത്തിലെ പ്രധാന ലക്ഷ്യം.
